കൊളംബൊ: കുമാര്‍ സംഗക്കാരയുടെ വിരമിക്കല്‍ പരമ്പരയെന്നു പ്രശസ്തമായ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം ദ്വീപില്‍ വിമാനമിറങ്ങി. ടീമിന്റെ തന്ത്രങ്ങളും പദ്ധതികളുമെല്ലാം എങ്ങനെയാകുമെന്ന സൂചനകള്‍ നായകന് വിരാട് കോഹ്ലി യാത്ര തിരിക്കും മുന്‍പും അവിടെയെത്തിയ ശേഷവുമെല്ലാം പറഞ്ഞു തുടങ്ങി. എന്നാല്‍, ഇതെല്ലാം ഏകോപിപ്പിക്കേണ്ട, തെറ്റുകളും കുറവും ചൂണ്ടിക്കാട്ടി തിരുത്തേണ്ട പരിശീലകന് എന്ന ടീം ഡയറക്റ്റര്‍ ഇംഗ്ലണ്ടില്‍.
ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയുമായി ബന്ധപ്പെട്ട് കമന്റേറ്റര്‍ പാനലിലുള്ളതാണ് പരിശീലക ചുമതല വഹിക്കുന്ന രവി ശാസ്ത്രിയെ ഇംഗ്ലണ്ടില്‍ തളച്ചിട്ടിരിക്കുന്നത്. ഇതിന് ബിസിസിഐയുടെ അനുമതിയുണ്ടെന്നും കേള്‍ക്കുന്നു. എന്നാല്‍, പരിശീലക സംഘത്തിലെ മറ്റുള്ളവര്‍ ബി. അരുണ്‍ (ബൗളിങ്), ആര്. ശ്രീധര്‍ (ഫീല്‍ഡിങ്), സഞ്ജയ് ബംഗാര്‍ (ബാറ്റിങ്) എന്നിവര്‍ ടീമിനൊപ്പമുണ്ട്.
ആറിന് ലങ്കന്‍ പ്രസിഡന്റ് ഇലവനുമായുള്ള സന്നാഹ മത്സരത്തിനു മുന്‍പ് ശാസ്ത്രി ലങ്കയിലെത്തില്ല. ഇപ്പോഴത്തെ വിവരമനുസരിച്ച് എട്ടിന്, അതായത്, മത്സരം അവസാനിക്കുന്ന ദിവസം അദ്ദേഹം എത്തും. 12ന് ഗാലെയില്‍ ആദ്യ ടെസ്റ്റ് തുടങ്ങുന്നതിനു മുന്‍പ് നാലു ദിവസം മാത്രമാകും ശാസ്ത്രിക്ക് ടീമിനൊപ്പം ചെലവഴിക്കാനാകുക. പാക്കിസ്ഥാനോട് തോറ്റ് നിരാശയുടെ പടുകുഴിയിലായ ലങ്കയ്ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനും ഇന്ത്യയെ നിലംപരിശാക്കാനും ഈ അയഞ്ഞ സമീപനം കാരണമാകുമെന്ന ചിന്തയും ക്രിക്കറ്റ് വിദഗ്ധര്‍ക്കിടയിലുണ്ട്. എം.എസ്. ധോണിയെ പോലെ തന്ത്രജ്ഞനായ, പരിചയസമ്പന്നനായ നായകന് ടീമിനൊപ്പമില്ലെന്നതില് പ്രത്യേകിച്ചും.
അതേസമയം, ശാസ്ത്രിയുടെ ഈ ഇടഞ്ഞു നില്പ്പില് ചില അസന്തുഷ്ടിയും ഒളിഞ്ഞു കിടക്കുന്നു. ടീം ഡയറക്റ്ററെന്ന താത്കാലിക ചമുതലയില്‍ നാളേറെ കഴിഞ്ഞിട്ടും സ്ഥിരനിയമനം നല്‍കാത്തതിലുള്ള അസംതൃപ്തി ശാസ്ത്രിക്കുണ്ടെന്നത് പരസ്യമാകാത്ത രഹസ്യം. അതിനൊരു മറുവശവുമുണ്ട്. ശാസ്ത്രിയുടെ മാധ്യമ കളികളോട് ബിസിസിഐക്ക് അത്ര പ്രതിപത്തിയില്ല. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ടീം സിംബാബ്വെയിലേക്ക് പോയപ്പോള്‍ ശാസ്ത്രി വിട്ടുനിന്നു. ബിസിസിഐയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയായിരുന്നു നടപടി. സ്കൈ സ്പോര്‍ട്സുമായുള്ള കരാര്‍ പാലിക്കുന്നതിനാണ് ശാസ്ത്രി പോയത്. പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയയും സെക്രട്ടറി അനുരാഗ് താക്കൂറും ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുമില്ല. എന്നാല്‍, മറ്റു ചില ഭാരവാഹികളുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുമുണ്ട്. പുതിയ പരിശീലകനു വേണ്ടി സെപ്തംബറില്‍ അഭിമുഖം നടത്താന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്നാണ് സൂചന. സ്വദേശത്തും വിദേശത്തുമുള്ളവര്‍ ഇതില്‍ പങ്കെടുക്കും.
അരുണ്‍, ശ്രീധര്‍, ബംഗാര്‍ ത്രയത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. നേരത്തെ, ഇവര്‍ക്ക് നിശ്ചിത കാലാവധി നല്‍കിയിരുന്നു. ബംഗ്ലാദേശ് പര്യടനത്തിന് കരാര്‍ നല്‍കിയെങ്കിലും, നിലവില്‍ അതുപോലുമില്ലെന്ന് സൂചന. പുതിയ പരിശീലകന്റെ കാര്യത്തില്‍ തീരുമാനമായ ശേഷം ത്രയത്തിന്റെ ഭാവി നിശ്ചയിക്കാനാണ് ബിസിസിഐക്കു താത്പര്യം. പുതുതായെത്തുന്ന പരിശീലകന്റെ മനോധര്‍മം അറിഞ്ഞ ശേഷമാകാം നടപടിയെന്ന് അവര്‍ കരുതുന്നു. അതാണ് ശരിയും. അതേസമയം, മുന്‍പ് ബൗളിങ്, ഫീല്‍ഡിങ് പരിശീലകരായിരുന്ന വെങ്കിടേഷ് പ്രസാദും, റോബിന് സിങ്ങും ദീര്‍ഘനാള്‍ കരാറില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരുടെ മാതൃക ബോര്‍ഡിനു മുന്പിലുണ്ട്. ഈ സമീപനവും ബോര്‍ഡിനെ ചിന്തിപ്പിക്കുന്നു.
ഭാവി നായകനെന്ന പട്ടവും പേറി നില്ക്കുന്ന വിരാടിനെ നിയന്ത്രിക്കാന്‍ പ്രാപ്തനായ പരിശീലകനാകണം വേണ്ടതെന്ന വിചാരവും ബിസിസിഐ വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നു. ലങ്കയില്‍ വിരാട് ഫോം വീണ്ടെടുക്കുമെന്നും അതോടെ, ടീമിന്റെ ആത്മവിശ്വാസം ഉയരുമെന്നും ബോര്‍ഡിന് പ്രതീക്ഷയുണ്ട്. അങ്ങനെയെങ്കില്‍ വിരാടിന്റെ വീറും വര്‍ധിക്കും. ഇക്കാര്യങ്ങളെല്ലാം പുതിയ പരിശീലക നിയമനത്തില്‍ ഇടംനേടും. മുഴുവന്‍ സമയം ടീമിനൊപ്പം ചെലവഴിക്കാന്‍ സന്നദ്ധനായാല്‍ ശാസ്ത്രിയെ നിലനിര്‍ത്താനുള്ള സാധ്യയതയും തള്ളുന്നില്ല.
















