ഇസ്‌ലാമാബാദ്: ഏഴു വയസുകാരനായ ഉമൈര്‍ എന്ന ബാലനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഷഫ്ഖാത് ഹുസൈനെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ കറാച്ചിയിലെ ജയിലില്‍ വച്ചാണ് ഇയാളെ തൂക്കിലേറ്റിയത്.
പ്രഭാതപ്രാര്‍ഥനകള്‍ക്ക് 10 -12 മിനിട്ടുകള്‍ക്കു മുന്‍പാണ് ഹുസൈനെ തൂക്കിലേറ്റിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. 2004ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉമൈറിനെ തട്ടിക്കൊണ്ടു പോയ ഷഫ്ഖാത് മോചനദ്രവ്യമായി 8,500 ഡോളര്‍ ആവശ്യപ്പെട്ടുവെന്നും പിന്നീട് കൊലപ്പെടുത്തിയെന്നുമാണ് കേസ്.
കൃത്യം നടത്തിയ സമയത്ത് ഹുസൈന് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന അഭിഭാഷകരുടെയും കുടുംബത്തിന്റെയും അവകാശവാദം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. കുറ്റം ചെയ്ത സമയത്ത് ഇയാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് തെളിയിക്കുന്നതിനു വേണ്ടി നാലു തവണ ശിക്ഷ മാറ്റിവച്ചിരുന്നു.
14 വയസ് മാത്രമുണ്ടായിരുന്ന ഷഫ്ഖാതിനെ പൊലീസ് മൃഗീയമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പിന്നീട് ആരോപണം ഉയര്‍ന്നിരുന്നു. ഷോക്കടിപ്പിച്ചും, ഇടുങ്ങിയ ജയിലറകളില്‍ പാര്‍പ്പിച്ചുമാണ് ഇയാളെ കൊണ്ടു കുറ്റം സമതിപ്പിച്ചതെന്നാണ് ആരോപണം.
















