വാഷിങ്ടണ്‍: ന്യൂനപക്ഷങ്ങളായ ഹിന്ദു ജനസമൂഹത്തെ വേട്ടയാടുന്നത് ബംഗ്ലാദേശ് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് പാര്‍ട്ടി അംഗം തുള്‍സി ഗബ്ബാര്‍ഡ്.
ഏഷ്യ, പസഫിക് മേഖലകളുടെ ചുമതലയുള്ള വിദേശകാര്യ സബ് കമ്മിറ്റി അംഗമായ ഗബ്ബാര്‍ഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടികൂടി പിന്തുണച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മനുഷ്യാവകാശ സംരക്ഷണ ഉപാധികള്‍ ശക്തിപ്പെടുത്തുക, ജനാധിപത്യ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കുക, രാജ്യത്തിനകത്തെ ഭീകരതയുടെ വളര്‍ച്ച തടയുക തുടങ്ങിയ ആവശ്യങ്ങളും ഗബ്ബാര്‍ഡ് ബംഗ്ലാദേശിനു മുന്നില്‍വച്ചു.
ബംഗ്ലാദേശ് കലാപ ബാധിതമാണ്.അവിടെ രാഷ്‌ട്രീയ അസ്ഥിരതയുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം. ആക്രമം അതിന്റെ പാരമ്യതയിലെത്തിക്കഴിഞ്ഞു. മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച ആശങ്കകള്‍ പ്രബലമായി നില്‍ക്കുന്നു, ഗബ്ബാര്‍ഡ് പറഞ്ഞു.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുകയാണ്. എന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ല. ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നവരെ ബംഗ്ലാദേശ് സര്‍ക്കാര്‍ ശിക്ഷിക്കണം.ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കാട്ടണമെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഗബ്ബാര്‍ഡ് പറഞ്ഞു.
















