ഹരാരെ: വിജയം കൊത്തിപ്പറക്കാന് കൊതിച്ച കിവികളുടെ ചിറക് സിംബാബ്വെ അരിഞ്ഞിട്ടു. 108 പന്തില്‍ പതിനൊന്ന്് ഫോറുകളും അഞ്ചു സിക്സറുമടക്കം പുറത്താകാതെ 130 റണ്‍സ് അടിച്ചുകൂട്ടിയ ക്രെയ്ഗ് ഇര്‍വിന്റെ ബലത്തില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്ഡിനുമേല് സിബാംബ്വെയ്ക്ക് ഏഴു വിക്കറ്റിന്റ ആവേശോജ്ജ്വല ജയം. ഇതോടെ, പരമ്പരയില്‍ 1-0ന് മുന്നിലെത്തി ആതിഥേയര്‍. സ്കോര്‍: ന്യൂസിലന്‍ഡ് – 303/4 (50), സിംബാബ്വെ – 304/3 (49).
ഒരോവര്‍ മാത്രം ബാക്കിവെച്ചാണ് സിംബാബ് വെയുടെ ജയം. ഹാമില്ട്ടണ് മസകാഡ്സ (84), ചാമു ചിബാബ (42) എന്നിവരും ഇര്വിന് മികച്ച പിന്തുണ നല്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 4ന് 303 എന്ന മികച്ച സ്കോര്‍ കുറിച്ചു. റോസ് ടെയ്ലറും (112 നോട്ടൗട്ട്, ആറ് ബൗണ്ടറി, മൂന്ന് സിക്സര്‍), കെയ്ന്‍ വില്യംസനും (97) ഗ്രാന്റ് എലിയോട്ടും (43) ബ്ലാക്ക് ക്യാപ്സിന്റെ കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നു. സിംബാബ്വെയ്ക്കായി തിനാഷെ പന്യാങ്കര രണ്ടു വിക്കറ്റ് നേടി.
ചേസ് ചെയ്ത ആതിഥേയര്‍ ഒരു ഘട്ടത്തിലും പതറിയില്ല. മസകാഡ്സയും ചിബാബയും ഒന്നാം വിക്കറ്റില്‍ 74 റണ്‍സിന്റെ സഖ്യമുണ്ടാക്കി അടിത്തറപാകി. ഇര്‍വിന്റെ ആക്രമണോത്സുകത തടയാന്‍ കിവികള്‍ പരാജയപ്പെട്ടപ്പോള്‍ 49-ാം ഓവറില്‍ 3 വിക്കറ്റ് മാത്രം ബലികഴിച്ച് സിംബാബ്വെ ലക്ഷ്യം മറികടന്നു. ജെയിംസ് നീഷത്തെ ഫോറിനും സിക്സിനും ശിക്ഷിച്ചാണ് ഇര്വിന് ടീമിനെ വിജയത്തോട് അടുപ്പിച്ചത്. ന്യൂസിലന്‍ഡിനായി നതാന്‍ മക്കല്ലം മൂന്നു പേരെ പുറത്താക്കി. സന്ദര്‍ശകര്‍ക്കുവേണ്ടി അരങ്ങേറിയ ഇന്ത്യന്‍ വംശജനായ ലെഗ് സ്പിന്നര്‍ ഇഷ് സോധി തിളങ്ങിയില്ല.
















