നെവാഡ: അമേരിക്കന്‍ സര്‍വ്വകലാശാലകളിലും സ്‌കൂളുകളിലും യോഗാഭ്യാസത്തിനായി പ്രത്യേകം റൂമുകള്‍ ലഭ്യമാക്കുന്നു.യോഗാഭ്യാസത്തിന് രാജ്യമൊട്ടാകെ പ്രോത്സാഹനം നല്‍കുന്ന പദ്ധതിയ്‌ക്കാണ് ഇതിലൂടെ തുടക്കംകുറിക്കുന്നതെന്ന് ആഗോള ഹിന്ദുസമാജ പ്രസിഡന്റ് രാജന്‍ സേത് പറഞ്ഞു.
അമേരിക്കന്‍ കോളേജുകളും സര്‍വ്വകലാശാലകളിലും യോഗ വളര്‍ത്തിയെടുക്കുന്നതിന് മികച്ച സഹകരണമാണ് നല്‍കുന്നത്.മാനസികമായും ശാരീരികമായും അച്ചടക്കംപാലിക്കുക, ഇത് മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കുകയെന്നതാണ് യോഗാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്.
ക്രിസ്തുവിന് രണ്ടായിരംവര്‍ഷം മുമ്പുണ്ടായിരുന്ന സിന്ധു നദീതട സംസ്‌കാരകാലത്തും യോഗ നിലനിന്നിരുന്നു. ഹിന്ദുമത വിശ്വാസികളാണ് ഇതിനു കൂടുതല്‍ പ്രചാരം നല്‍കിയത്. മനുഷ്യ സ്വഭാവത്തെ യോഗയിലുടെ നിയന്ത്രിക്കാനും ശാരീരിക, മാനസിക ക്ഷമത കൈവരിക്കാനും സാധിക്കുമെന്ന് പതഞ്ജലിയുടെ യോഗസൂത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് ദേശീയ ആരോഗ്യഗവേഷണ കേന്ദ്രത്തിന്റെ പഠനത്തില്‍ നിത്യേന യോഗാഭ്യാസം ചെയ്യുന്നതിലൂടെ ശാന്തത, അംഗവിന്യാസം, മാനസിക പിരിമുറുക്കങ്ങള്‍ കുറക്കുക എന്നിവയ്‌ക്ക് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ നിലവില്‍ 21ലക്ഷം പേര്‍ യോഗ ദിവസേന അഭ്യസിക്കുന്നുണ്ടെന്നും രാജന്‍ സേത് കൂട്ടിച്ചേര്‍ത്തു.
















