റിയോ ഡി ജനീറോ: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇതിഹാസ താരം സീക്കോയ്‌ക്ക് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) പിന്തുണ പ്രഖ്യാപിച്ചു. സിബിഎഫിന്റെ തീരുമാനം സീക്കോയ്‌ക്ക് ഊര്‍ജ്ജം പകരുന്നതായി. ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭരണാധികാരികള്‍ക്ക് ഇതുവരെ അത്ര പഥ്യമുള്ളയാളായിരുന്നില്ല സീക്കോ.
സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടുപോകാന്‍ സീക്കോയ്‌ക്ക് ഞങ്ങളുടെ പിന്തുണയുണ്ട്, സിബിഎഫ് പ്രസിഡന്റ് മാര്‍ക്കോപോളോ ഡെല്‍ നിറ പറഞ്ഞു.
ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്തുണയില്‍ സീക്കോ ഏറെ സന്തോഷം പ്രകടപ്പിച്ചു.
അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ലാസ്റ്റര്‍ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. ഫെബ്രുവരി 26നാണ് വോട്ടിങ്. സീക്കോയ്‌ക്കു പുറമെ ഫ്രഞ്ച് വിഖ്യാത താരം മിഷേല്‍ പ്ലാറ്റിനിയും മത്സരരംഗത്തുണ്ട്.
















