കൊളംബിയ: സൗത്ത് കരോളിനയിലെ ചാര്‍ലസ്റ്റണ്‍ പള്ളിയിലുണ്ടായ വെടിവെയ്‌പ്പിലെ പ്രതിയ്‌ക്കെതിരെ വംശീയ വിദ്വേഷക്കുറ്റം ചുമത്തി. ഡൈലാന്‍ റൂഫ് എന്ന 21 വയസ്സുകാരനെതിരെയാണ് കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തത്തിനു പുറമെയാണ് ഇത്.
ഇക്കഴിഞ്ഞ ജൂണ്‍ 17 നാണ് കേസിനാസ്പദമായ സംഭവം. അമേരിക്കയെ നടുക്കിക്കൊണ്ട് കറുത്തവംശജരുടെ പള്ളിയില്‍ വെള്ളക്കാരനായ ഡൈലാന്‍ റൂഫ് കൂട്ടക്കൊല നടത്തിയത്. പള്ളിയിലെത്തിയ യുവാവ് അല്‍പനേരം ഇരുന്നശേഷം എഴുന്നേറ്റ് തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
ആക്രമണത്തില്‍ പാസ്റ്ററായ സെനറ്റര്‍ ഉള്‍പ്പെടെ ഒന്‍പത് വിശ്വാസികള്‍ കൊല്ലപ്പെട്ടു. കൃത്യം നടന്ന് ഏറെ വൈകാതെ തന്നെ ആയുധങ്ങളുമായി ഇയാള്‍ പിടിയിലായിരുന്നു. വംശീയ വിദ്വേഷക്കുറ്റം ചുമത്തുന്നതോടെ ഇയാള്‍ക്ക് വധശിക്ഷയായിരിക്കുമോ ലഭിക്കുകയെന്ന് വ്യക്തമായിട്ടില്ല.
















