ന്യൂദല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ദല്‍ഹി ഹൈക്കോടതി ആഗസ്റ്റ് 20ലേക്ക് മാറ്റിവെച്ചു.
ആഗോളവത്ക്കരണത്തോടെ യാതൊരു ഗുണപരിശോധനയും ഇല്ലാതെ വന്‍തോതിലാണ് ചൈനയില്‍ നിന്നും അരിയെത്തുന്നത്. ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചൈനയില്‍ നിന്നും ‘പ്ലാസ്റ്റിക് അരി’യാണ് എത്തുന്നതെന്ന് വ്യാപകമായ പരാതിയുണ്ട്. യാഥാര്‍ത്ഥ അരിയും പ്ലാസ്റ്റിക് അരിയും തിരിച്ചറിയുവാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് ഹര്‍ജി സമര്‍പ്പിച്ച അഡ്വ. സുഗ്രീവ ദുബെ പറഞ്ഞു.
കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ചൈന ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് അരി ഇറക്കുമതി ചെയ്ത് വന്‍തോതില്‍ രാജ്യത്തുടനീളം വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഈ അരി യഥാര്‍ത്ഥമാണോയെന്ന ഒരു പരിശോധനയും ഇതുവരെ നടന്നിട്ടില്ല. പ്ലാസ്റ്റിക് അരി വേവിച്ച് കഴിഞ്ഞാല്‍ ഇതിന്റെ വ്യത്യാസം കണ്ടെത്തുക അസാധ്യമാണ്.
മാങ്ങകള്‍ കാത്സ്യം കാര്‍ബണൈറ്റ് വച്ച് പഴുപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നവും നിലവിലുണ്ട്. മാരകമായ കീടനാശിനികള്‍ തളിച്ച് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിപണിയിലെത്തുന്നത് സംബന്ധിച്ച ഒരു കേസും ദല്‍ഹിയില്‍ നിലവിലുണ്ട്.
















