യുഎഫ്‌എ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം മൂന്നാം ദിവസത്തിലേക്ക് കടന്നു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക് തിരിക്കും. ഇപ്പോള്‍ കസാഖിസ്ഥാനിലുള്ള മോദി പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവുമായി കൂടികാഴ്ച നടത്തും. കൂടികാഴ്ചയ്‌ക്ക് ശേഷമാകും റഷ്യയിലേക്ക് തിരിക്കുക.
ബ്രിക്സ് ഉച്ചകോടിക്ക് പുറമേ ഷാന്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ)ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിക്കിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ആറംഗരാഷ്‌ട്ര സഖ്യത്തില്‍ ഭാരതത്തെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച പ്രഖ്യാപനവും മോദിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായേക്കും. ഭാരതത്തിന് പുറമേ ചൈന, റഷ്യ, കസാഖിസ്ഥാന്‍, തജഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാകും സഖ്യത്തിലുണ്ടാവുക. ഒമ്പത്, പത്ത് തീയതികളില്‍ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലായിരിക്കും ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ സഖ്യത്തില്‍ ഭാരതത്തെ ഉള്‍പ്പെടുത്തുന്ന നടപടികള്‍ അടുത്തവര്‍ഷമേ പൂര്‍ത്തിയാവുകയുളളുവെന്നു റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഉസ്ബക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധ ഊര്‍ജ്ജ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ധാരണയായിയിരുന്നു.
















