മുംബൈ: അതിസുരക്ഷാ മേഖലയായ ബാബ അറ്റോമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുകളിലൂടെ അജ്ഞാത ഡ്രോണ്‍ പറന്നത് സുരക്ഷാ ഏജന്‍സികളെ ഞെട്ടിച്ചു. ഒരു റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റിലെ ജീവനക്കാരാണ് ഇത് പറത്തിയതെന്നാണ് സൂചന.
തൊട്ടടുത്ത കോളേജിലെ ഒരു പ്രൊഫസര്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയും ചിത്രങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്തു. ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഒരുസംഘം ആളുകള്‍ കാറില്‍ നീങ്ങിയതായും പറയുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പോലീസിന്റെ അനുമതിയില്ലാതെ എന്ത് വസ്തുക്കളും പറത്തുന്നത് നിയമവിരുദ്ധമാണ്.
ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററും ന്യൂക്ലിയര്‍ ലാബുകളുമെല്ലാം ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളതാണ്. കഴിഞ്ഞമാസം മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് മുകളിലൂടെ നിഗൂഡമായ സാധനങ്ങള്‍ പറന്നത് പരിഭ്രാന്തി പടര്‍ത്തിയരുന്നു.
പിന്നീടുള്ള അന്വേഷണത്തില്‍ ഒരു ഡയമണ്ട് ജ്വല്ലറിയുടെ പരസ്യപ്രചാരണാര്‍ത്ഥം ഹീലിയം നിറച്ച ബലൂണുകള്‍ പരസ്യ ഏജന്‍സിക്കാര്‍ പറപ്പിച്ചതാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
















