ന്യൂദല്‍ഹി: രാജ്യത്തെ രാഷ്‌ട്രിയ പാര്‍ട്ടികളെയും പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സുതാര്യമാകുന്നതിന്റെ ഭാഗമായി വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി കേന്ദ്രത്തോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആരാഞ്ഞു. ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ പാര്‍ട്ടികളെ സുതാര്യ നിയമത്തിന് കീഴിലുള്ള പബ്ലിക് അതോറിറ്റിയായി പ്രഖ്യാപിക്കുന്നതിലുള്ള പ്രതികരണമറിയുന്നതിനായി കോടതി ബി.ജെ.പി, കോണ്‍ഗ്രസ്, ബി.എസ്.പി, സി.പി.ഐ, സി.പി.എം എന്നീ പ്രമുഖ ദേശിയ പാര്‍ട്ടികള്‍ക്ക് നോട്ടീസയച്ചു. ഒരു എന്‍.ജി.ഒ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് നിന്നും ധനസഹായം ലഭിക്കുന്നുണ്ടെങ്കിലും ദേശിയ പാര്‍ട്ടികള്‍ ആദായ നികുതി റിട്ടേണില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതായി പരാതിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചു. പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കേണ്ടതില്ല. ലഭിക്കുന്ന സംഭാവനകളുടെ 35 ശതമാനം അവരില്‍ നിന്നും ഈടാക്കണം. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിലാല്‍ പാര്‍ട്ടികള്‍ക്ക് വിവരാവകാശ നിയമത്തിന് കീഴില്‍ വരേണ്ട ബാദ്ധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















