ബെംഗളൂരു: ന്യൂസിലാന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് എട്ട് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യന്‍ വനിതകള്‍ 34 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയം കണ്ടത്.
88 പന്തില്‍ നിന്ന് പത്ത് ബൗണ്ടറികളോടെ പുറത്താകാതെ 81 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിഥാലി രാജും 25 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സറുമടക്കം പുറത്താകാതെ 32 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറും 66 റണ്‍സെടുത്ത സ്മൃതി മന്ഥന, 31 റണ്‍സെടുത്ത തിരുഷ് കാമിനി എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ പരമ്പരയിലെ നാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു രാജ്യങ്ങളും രണ്ട് വീതം കളികള്‍ വിജയിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിന് വേണ്ടി 89 റണ്‍സെടുത്ത സോഫി ഡിഫിനെയും 43 റണ്‍സെടുത്ത ആമി സാറ്റര്വെയ്റ്റുമാണ് മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി നിരഞ്ജന, രാജേശ്വരി ഗെയ്ക്വാദ് എന്നിവര്‍ മൂന്നും ഹര്‍മന്‍പ്രീത് കൗര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: