ന്യൂദല്‍ഹി:രാജ്യത്തെ ദേശീയപാതകള്‍ ഹരിത ഇടനാഴികളാക്കി മാറ്റുന്നു.ആകെയുള്ള 92,851 കിലോമീറ്റര്‍ ദേശീയപാതയുടേയും വശങ്ങളില്‍ മരങ്ങളും പൂച്ചെടികളും വച്ചുപിടിപ്പിക്കാന്‍ പ്രത്യേക കരാര്‍ നല്‍കുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ദേശീയപാതകളുടെ നിര്‍മ്മാണച്ചെലവിന്റെ ഒരു ശതമാനമാണ് പദ്ധതിക്ക് വകയിരുത്തുന്നത്.
ഹരിത ഇടനാഴിയുടെ നിര്‍മ്മാണത്തിനായി ആയിരം കരാറുകാരെ ചുമതലപ്പെടുത്തും. ഇവര്‍ക്കോരോരുത്തര്‍ക്കും ദേശീയപതായില്‍ 100 കിലോമീറ്ററോളം വരുന്ന മേഖല തിരിച്ചു നല്‍കും.സ്വന്തമായി നേഴ്‌സറികള്‍ കരാറുകാര്‍ക്ക് ആവശ്യമാണ്.പുതിയ മരങ്ങളും പുഷ്പങ്ങളും ദേശീയപാതയോരത്ത് വെച്ചുപിടിപ്പിച്ച് ദേശീയപാതയെ പച്ചപുതപ്പിക്കുകയാണ് ലക്ഷ്യം.
ഒരുലക്ഷം കോടിരൂപയുടെ ദേശീയപാത പദ്ധതിയാണെങ്കില്‍ ആയിരം കോടി രൂപ പാതയോരത്ത് മരങ്ങളും പൂച്ചെടികളും വെച്ചുപിടിപ്പിക്കാന്‍ വകയിരുത്തും.
അതതു പ്രദേശത്തെ കാലാവസ്ഥയ്‌ക്ക് ഉചിതമായ മരങ്ങളാകും നടുക. മഹാരാഷ്‌ട്രയിലെ കൊങ്കണില്‍ അല്‍ഫോണ്‍സോ മാവുകളാണ് പ്രധാനമായും വളരുന്നത്. ഛത്തീസ്ഗഢില്‍ പുളിമരമാണ്. റോഡുകളുടെ മീഡിയനില്‍ പൂച്ചെടികളും വെച്ചുപിടിപ്പിക്കാനാകും. ദേശീയപാത നിര്‍മ്മാണത്തിനായി മരങ്ങള്‍ പിഴുതുമാറ്റുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച മന്ത്രി മരം വെച്ചുപിടിപ്പിക്കുന്നതിനായി കാനഡയില്‍ നിന്നും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുമെന്നും പറഞ്ഞു.
പുതിയ ഹരിതനയത്തിന്റെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങളും സാമ്പത്തികവളര്‍ച്ചയും സാധ്യമാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. റോഡുകളുടെ നീളത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ ഭാരതത്തില്‍ 33 ലക്ഷം കിലോമീറ്റര്‍ റോഡുകളാണുള്ളത്. അതില്‍ കേവലം 92,851 കിലോമീറ്റര്‍ മാത്രമാണ് ദേശീയപാത. ആകെ റോഡുകളുടെ 1.7 ശതമാനം മാത്രമുള്ള ദേശീയപാതകളിലൂടെയാണ് രാജ്യത്തെ ഗതാഗതത്തിന്റെ 40 ശതമാനവും സാധ്യമാകുന്നത്.
















