ന്യൂദല്‍ഹി:പീഡനക്കേസ് വിവാദത്തില്‍പ്പെട്ട സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ വല്‍സണ്‍ തമ്പു പുതിയ വാദവുമായി രംഗത്ത്.പീഡനത്തിനിരയായ സ്ത്രീയെ ചിലര്‍ തനിക്കെതിരായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ വാദം. ഫോറന്‍സിക് അന്വേഷണം ഇത് തെളിയക്കുമെന്നും തമ്പു പറഞ്ഞു.
ഒരു അധ്യാപികയുടെ ഉപദേശപ്രകാരമാണ് ഓഡിയോ റെക്കോഡിങ് നടത്തിയതെന്ന് പെണ്‍കുട്ടി സമ്മതിച്ചതായും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ഗൂഢമായ ലക്ഷ്യത്തോടെ ചിലര്‍ അവരെ ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യം അവര്‍ക്കറിയില്ലായിരുന്നുവെന്നും തമ്പു പറഞ്ഞു. സത്യം എന്നായാലും പുറത്തുവരും. അതേസമയം, തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്ന് വ്യക്തമാക്കുവാന്‍ തമ്പു തയ്യാറായില്ല.
ഒരു പ്രൊഫസറും തമ്പുവും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ട് ഒരു ഗവേഷണ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞയാഴ്ച പോലീസിനെ സമീപിച്ചത്. പരാതി പിന്‍വലിക്കണമെന്ന് പ്രിന്‍സിപ്പാള്‍ തന്നെ നിര്‍ബന്ധിച്ചതായും ഇവര്‍ പോലീസിന് നല്‍കിയ നാല് ഓഡിയോ റെക്കോഡില്‍ പറയുന്നു.എന്നാല്‍ ഈ ടേപ്പുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചാല്‍ സത്യം പുറത്ത് വരുമെന്നാണ് തമ്പു പറയുന്നത്.
കോളേജിലെ രസതതന്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സതീഷ് കുമാര്‍ പീഡിപ്പിച്ചതായി കാണിച്ചാണ് പെണ്‍കുട്ടി ജൂണ്‍ 19ന് പോലീസില്‍ പരാതി നല്‍കിയത്. പ്രിന്‍സിപ്പാള്‍ വല്‍സണ്‍ തമ്പു തന്നോട് പരാതി പിന്‍വലിച്ചുകൊണ്ട് ഒരു അപേക്ഷ നല്‍കുവാന്‍ നിര്‍ബന്ധിക്കുകയും ഇല്ലെങ്കില്‍ കോളേജില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
















