ന്യൂദല്‍ഹി:കള്ളപ്പണംപരമാവധി പുറത്തുകൊണ്ടുവരാനുദ്ദേശിച്ചുള്ള പദ്ധതിയായ സ്വയം വെളിപ്പെടുത്തല്‍ അന്തിമാവസരം പ്രഖ്യാപിച്ചു. വിദേശബാങ്കുകളിലെ കള്ളപ്പണനിക്ഷേപം വെളിപ്പെടുത്തി നിയമാനുസൃതം നികുതിയടച്ചു നിയമനടപടികളില്‍നിന്ന് ഒഴിവാകാനുള്ള ഒറ്റ തീര്‍പ്പാക്കല്‍ സംവിധാനം നിലവില്‍ വരുത്തികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
ഈ സംവിധാനമനുസരിച്ച് ഓണ്‍ ലൈനില്‍ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യാം. ഇതിലെ ഡിജിറ്റള്‍ ഒപ്പിനും അംഗീകാരമുണ്ടായിരിക്കും. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒപ്പ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സ്വീകരിക്കും. പരമാവധി കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരുന്നതിനും നിയമാനുസൃതമാക്കുന്നതിനുമായിട്ടാണ് ഈ നടപടി.
ചെറിയ സമയത്തിനുള്ളില്‍ രഹസ്യമായിതന്നെ ഇത്തരത്തില്‍ കള്ളപ്പണം നിയമാനുസൃതമാക്കാവുന്നതാണ്. ഈ രഹസ്യം അതേരീതിയില്‍ തന്നെ പരമാവധി സൂക്ഷിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള എല്ലാ നടപടികളും സുരക്ഷിതവും രഹസ്യവുമായിരിക്കും.
ന്യൂദല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആയിരിക്കും ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. വെളിപ്പെടുത്തലുകള്‍ സ്വീകരിക്കുക ന്യൂദല്‍ഹിയിലെ വരുമാന നികുതി കമ്മീഷണറായിരിക്കും സ്വീകരിക്കുക. വിദേശത്തെ രഹസ്യ കള്ളപ്പണം നിക്ഷേപം 30 ശതമാനം നികുതിയും തുല്യ പിഴയും നല്‍കി നിയമാനുസൃതമാക്കുകയാണ് ചെയ്യുന്നത്. മെയ് 26ന് പാര്‍ലമെന്റ് പാസ്സാക്കിയ കള്ളപ്പണ വിരുദ്ധ നിയമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഈ സംവിധാനം.
















