സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ലൂസേഴ്‌സ് ഫൈനലിലെ വിജയി പെറു. പരാഗ്വയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തുരത്തി പെറു തുടര്‍ച്ചയായ രണ്ടാം വട്ടവും ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കരുടെ പട്ടം ചൂടി. ആന്ദ്ര കാരില്ലൊ (48-ാം മിനിറ്റ്), പൗളോ ഗുരേരൊ (89) എന്നിവരാണ് പെറുവിനുവേണ്ടി പരാഗ്വെയുടെ വലയില്‍ പന്തെത്തിച്ചത്.
രണ്ടു ടീമുകളും സെമി ഫൈനലിലെ ലൈനപ്പില്‍ ചില മാറ്റങ്ങളുമായാണ് കളംതൊട്ടത്. ആദ്യ പകുതിയില്‍ മൂര്‍ച്ചയുള്ള ഗോള്‍ സാധ്യതകള്‍ തുറക്കാന്‍ ഇരു പക്ഷത്തിനും സാധിച്ചില്ല. പെറുവിനുവേണ്ടി യോര്‍ഡി റെയ്‌ന ചില ലോങ്‌റേഞ്ച് പരീക്ഷണങ്ങള്‍ നടത്തി; പരാഗ്വെയ്‌ക്കായി റൊമേറൊയും. രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ പെറു മുന്നില്‍ക്കയറി. കോര്‍ണറില്‍ നിന്നുവന്ന പന്ത് വായുവില്‍ നിന്ന് താഴ്ന്നിറങ്ങി. പെനാല്‍റ്റി ഏരിയയ്‌ക്കു പുറത്തുവച്ച് കാരില്ലൊ വോളി തൊടുക്കുമ്പോള്‍ പരാഗ്വെ ഗോളി ജസ്റ്റോ വില്ലാര്‍ നിഷ്പ്രഭന്‍ (1-0).
അധികം വൈകാതെ പരാഗ്വെയ്‌ക്കും സമനിലയ്‌ക്കുള്ള അവസരം ഒരുങ്ങി. പക്ഷേ, 66-ാം മിനിറ്റില്‍ എഡ്ഗാര്‍ ബെനിറ്റസിന്റെ ആ ശ്രമം കാര്‍ലോസ് അസ്‌ക്യൂസ് നിര്‍വീര്യമാക്കി. ഒടുവില്‍ ജോയല്‍ സാഞ്ചസിന്റെ ക്രോസ് ഗോള്‍ വരകടത്തി ഗുരേരൊ പെറുവിന്റെ ജയം ഉറപ്പിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഗുരേരോയുടെ നാലാം ഗോളായിരുന്നത്.
















