പല്ലെക്കെലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 278ന് മറുപടി പറയാന്‍ ഇറങ്ങിയ പാക്കിസ്ഥാന്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 9ന് 209 എന്ന നിലയില്‍. സര്‍ഫ്രാസ് അഹമ്മദും (72) ഇമ്രാന്‍ ഖാനും (0) ക്രീസില്‍. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ സന്ദര്‍ശകര്‍ 69 റണ്‍സിന് പിന്നിലാണ്.
മൂന്നു വിക്കറ്റുകള്‍ വീതം പിഴുത പേസര്‍മാരായ ധമ്മിക പ്രസാദും നുവാന്‍ പ്രദീപുമാണ് പാക്കിസ്ഥാന് കൂച്ചുവിലങ്ങിട്ടത്. ഓഫ് സ്പിന്നര്‍ താരിന്‍ഡു കൗശല്‍ രണ്ടു പേരെ പുറത്താക്കി. സമചിത്തതയോടെ കളിച്ച സര്‍ഫ്രാസിനു പുറമെ അസര്‍ അലി (52) മാത്രമേ പാക് നിരയില്‍ തരക്കേടില്ലാതെ സ്‌കോര്‍ ചെയ്തുള്ളു.
അസര്‍ അലി എട്ടും സര്‍ഫ്രാസ് ആറും ബൗണ്ടറികള്‍ വീതം സ്വന്തമാക്കി. ഷാന്‍ മസൂദ് (13), അഹമ്മദ് ഷെഹ്‌സാദ് (21) യൂനിസ് ഖാന്‍ (3), ആസാദ് ഷെഫീഖ് (15), ക്യാപ്ടന്‍ മിസ്ബ ഉല്‍ ഹക്ക് (6) തുടങ്ങിയവരൊന്നും അധികനേരം ക്രീസില്‍ പിടിച്ചുനിന്നില്ല.
















