സാന്റിയാഗോ: മെസ്സിയും സംഘവും ലാറ്റിനമേരിക്കന്‍ കാല്‍പ്പന്തുകളിയുടെ വശ്യത മുഴുവന്‍ പുറെത്തുടത്തപ്പോള്‍ പരാഗ്വെ നിഷ്പ്രഭമായി. പേരിനൊത്ത പ്രകടനം മെസ്സിയും കൂട്ടരും പുറത്തെടുത്തപ്പോള്‍ പരാഗ്വെ വലയില്‍ വീണത് ആറ് ഗോളുകള്‍. കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയിലായിരുന്നു മെസ്സിയുടെയും കൂട്ടരുടെയും മാസ്മരിക പ്രകടനം. ഇന്നലെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന പരാഗ്വെയെ തകര്‍ത്തെറിഞ്ഞത്.
ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരം കൂടിയായി ഇത്. അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനവുമായി കളം നിറഞ്ഞ മത്സരത്തില്‍ ഡി മരിയ (2), റോജോ, പാസ്‌റ്റോറെ, അഗ്യൂറോ, ഹിഗ്വെയ്ന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. പരാഗ്വെയുടെ ആശ്വാസഗോള്‍ ലുക്കാസ് ബാരിയോസിന്റെ വകയായിരുന്നു. ഫൈനലില്‍ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളി. അഞ്ചിനാണ് കലാശപ്പോരാട്ടം. ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ പരാഗ്വെ പെറുവുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ടത്തിലും ക്വാര്‍ട്ടര്‍ ഫൈനലിലും ഗോള്‍കണ്ടെത്തുന്നതില്‍ പിശുക്കുകാട്ടിയ അര്‍ജന്റീന ലാറ്റിനമേരിക്കന്‍ ആക്രമണശൈലിയിലൂടെയാണ് പരാഗ്വയെ തകര്‍ത്തുവിട്ടത്. ഒരര്‍ഥത്തില്‍ കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ ജര്‍മ്മനി തകര്‍ത്തുവിട്ടതുപോലെയൊരു മത്സരമായിരുന്നു സാന്റിയാഗോയില്‍ നടന്നത്.
ഗോളൊന്നും നേടിയില്ലെങ്കിലും അര്‍ജന്റീനയുടെ പ്ലേ മേക്കര്‍ മെസ്സിയായിരുന്നു. ക്ലബിന് വേണ്ടി കളിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തുന്ന മെസ്സി രാജ്യത്തിന് വേണ്ടി അത്തരം കളി പുറത്തെടുക്കുന്നില്ല എന്ന ആരോപണങ്ങള്‍ക്കും ഇന്നലെ മെസ്സി ഉജ്ജ്വലമായ പ്രകടനത്തിലൂടെ മറുപടി നല്‍കി. കളിയില്‍ പിറന്ന ആറ് ഗോളുകളില്‍ അഞ്ചെണ്ണത്തിലും മെസ്സി സ്പര്‍ശമുണ്ടായിരുന്നു. പാരെഗ്വ ഗോള്‍മുഖത്ത് മെസ്സിയുടെ നേതൃത്വത്തില്‍ ഡി മരിയയും അഗ്യൂറോയും ഹിഗ്വെയ്‌നും ആക്രമണം പതിവാക്കിയപ്പോള്‍ തളര്‍ന്നത് എതിര്‍ ടീമിന്റെ പ്രതിരോധമാണ്. പരാഗ്വെ താരങ്ങള്‍ മെസ്സിയെ തടയാന്‍ പ്രത്യേകപദ്ധതി തയ്യാറാക്കിയെങ്കിലും മറ്റുള്ളവരുടെ ബ്ലോക്ക് ചെയ്യാന്‍ കഴിയാതിരുന്നതാണ് ഇത്ര ദയനീയ പരാജയത്തിന് ഹേതുവായത്. കടുത്ത പ്രതിരോധക്കെട്ട് പൊട്ടിച്ചും മുന്നേറിയ മെസ്സിക്ക് ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും നിര്‍ഭാഗ്യം കൊണ്ട് അവയെല്ലാം പാഴാവുകയും ചെയ്തു. അതേസമയം ബ്രസീലിനെ കീഴടക്കി സെമിയിലെത്തിയ പരാഗ്വെക്ക് ആ പ്രകടനം പുറത്തെടുക്കാനും സാധിച്ചില്ല.
ഗ്രൂപ്പ് മത്സരത്തില്‍ പരാഗ്വെ അര്‍ജന്റീനയെ 2-2ന് സമനിലയില്‍ തളച്ചിരുന്നു. ആ തെറ്റ് ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു അര്‍ജന്റീനയുടെ കളി. കളിയുടെ 15-ാം മിനിറ്റില്‍തന്നെ അര്‍ജന്റീന എതിരാളികളുടെ വലകുലുക്കി. സൂപ്പര്‍താരം മെസ്സിയെടുത്ത ഫ്രീകിക്ക് മാര്‍ക്കോസ് റോജോ കൃത്യമായി പരാഗ്വെയുടെ വലയിലെത്തിച്ചു. ഇതിന് തൊട്ടുമുമ്പ് പാസ്‌റ്റോറെയുടെ ഷോട്ട് പരാഗ്വെ ഗോളി രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് 21-ാം മിനിറ്റിലൂം പാസ്‌റ്റോറെയുടെ ഷോട്ടിന് മുന്നില്‍ പരാഗ്വെ ഗോളി വിലങ്ങുതടിയായി.
27-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് മെസ്സി തന്നെ. രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ സൂപ്പര്‍താരം മെസ്സി തള്ളിക്കൊടുത്ത പന്ത് തകര്‍പ്പനൊരു വലംകാലന്‍ ഷോട്ടിലൂടെ പാസ്‌റ്റോറെ പരാഗ്വെ വലയിലെത്തിച്ചു. അര്‍ജന്റീന 2-0 ത്തിന് മുന്നില്‍. എന്നാല്‍ 43-ാം മിനിറ്റില്‍ പരാഗ്വെ ഒരു ഗോള്‍ മടക്കി. അര്‍ജന്റീന പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്ത പന്ത് ഹെഡ്ഡറിലൂടെ ബ്രൂണോ വാല്‍ഡെസ് ലൂക്കാസ് ബാരിയോസിന് മറിച്ചുനല്‍കി. പന്ത് കിട്ടി ബാരിയോസ് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന അര്‍ജന്റീന ഗോളി റൊമേരോയെ മറികടന്ന് വലയില്‍ കയറി. ബാരിയോസ് 30-ാം മിനിറ്റില്‍ റോക്കി സാന്റാ ക്രൂസിന് പകരമായാണ്കളത്തിലിറങ്ങിയത്.
പിന്നീട് മൂന്നു മിനിറ്റോളം പരാഗ്വെ താരങ്ങള്‍ അര്‍ജന്റീന പ്രതിരോധത്തെ മുള്‍മുനയില്‍ നിര്‍ത്തി കടന്നാക്രമണം നടത്തിയെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു.ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ച പ്രകടനം നല്‍കിയ ആത്മവിശ്വാസത്തില്‍ സമനില പിടിക്കാമെന്ന് മോഹിച്ച് കളത്തിലിറങ്ങിയ പരാഗ്വെക്ക് നാല് ഗോളുകള്‍ കൂടി നല്‍കിയാണ് മെസ്സിയും കൂട്ടരും കളിക്കളത്തില്‍ നിന്ന് കയറിയത്. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് തികയും മുന്നേ അര്‍ജന്റീന മൂന്നാം ഗോള്‍ നേടി.
പാസ്‌റ്റോറെ ബോക്‌സിനുള്ളിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് ഡി മരിയ ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. അധികം കഴിയും മുന്നേ പരാഗ്വെക്ക് ഒരു ഗോള്‍ കൂടി മടക്കാന്‍ അവസരം ലഭിച്ചെങ്കിലും വിക്ടര്‍ കസിയേര്‍സിന്റെ ഹെഡ്ഡര്‍ അര്‍ജന്റീന ഗോളി റൊമേറോ കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഡി മരിയ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി. മൈതാന മധ്യത്തില്‍ നിന്നും പന്തുമായി പരാഗ്വെ പ്രതിരോധനിരതാരങ്ങളെ വകഞ്ഞുമാറ്റി മുന്നേറിയ ശേഷം മെസ്സി തള്ളിക്കൊടുത്ത പന്ത് ജാവിയര്‍ പാസ്‌റ്റോറെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പരാഗ്വെ ഗോളി തട്ടിയകറ്റി.
പന്ത് കിട്ടിയത് ഡി മരിയക്ക്. ഒരുനിമിഷം പോലും വെച്ചുതാമസിപ്പിക്കാതെ മരിയ ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് വലയില്‍ തറച്ചുകയറി (4-1). ഇതോടെ കളി പൂര്‍ണ്ണമായും അര്‍ജന്റീനയുടെ വരുതിയിലായി. തിരമാലകണക്കെ മെസ്സിയും സംഘവും എതിര്‍ ബോക്‌സിലേക്ക് കുതിച്ചുകയറിയപ്പോള്‍ പരാഗ്വെ പ്രതിരോധം ഛിന്നഭിന്നമായി. പിന്നീട് അവസാന 10 മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും ഹിഗ്വയിനും കൂടി ഗോള്‍നേടിയതോടെ അര്‍ജന്റീനയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാവുകയും ചെയ്തു. 80-ാം മിനിറ്റില്‍ അഗ്യൂറോ ഡി മരിയയുടെ പാസില്‍ നിന്നും 83-ാം മിനിറ്റില്‍ ഹിഗ്വയ്ന്‍ ക്യാപ്റ്റന്‍ മെസ്സിയുടെ പാസില്‍ നിന്നുമാണ് ഗോള്‍ നേടിയത്. 104 മത്സരങ്ങള്‍ പരാഗ്വെക്കെതിരെ കളിച്ചതില്‍ 59-ാം വിജയമാണ് അര്‍ജന്റീന ഇന്നലെ നേടിയത്.
കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ അര്‍ജന്റീന 27-ാം തവണയാണ് ഫൈനലില്‍ കളിക്കുന്നത്. 14 തവണ കിരീടം നേടി. എന്നാല്‍ 1993നുശേഷം അര്‍ജന്റീനക്ക് കോപ്പയില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല. 2004, 07 വര്‍ഷങ്ങളില്‍ ഫൈനലില്‍ കളിച്ചെങ്കിലും ബ്രസീലിനോട് പരാജയപ്പെട്ടു.
















