സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ പാരഗ്വായെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭരാക്കി അര്‍ജന്റീന ഫൈനലില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ പാരഗ്വ വലയില്‍ നിറച്ചാണ് മെസ്സിപ്പട ഫൈനലിലേയ്ക്ക് ചേക്കേറിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ബ്രസീലിനെ അട്ടിമറിച്ച് സെമി കളിക്കാനെത്തിയ പരാഗ്വയെ ഗോള്‍മഴ തീര്‍ത്താണ് അര്‍ജന്റീന മടക്കിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്കണ്ടെത്തുന്നതില് പിശുക്കുകാട്ടിയ അര്‍ജന്റീന ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ആക്രമണശൈലിയുമായാണ് കളം നിറഞ്ഞത്.
പതിനഞ്ചാം മിനിറ്റില്‍ മെസിയുടെ ഫ്രീക്വിക്ക് വലയിലെത്തിച്ച് റോജോയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് ഹാവിയര്‍ പാസ്റ്ററിലൂടെ നീലപ്പട ആദ്യ പകുതിയില്‍ തന്നെ ലീഡ് രണ്ടാക്കി. രണ്ടാം ഗോളിനും വഴിയൊരുക്കിയത് സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാണ്. മികച്ച പ്രകടനം പുറത്തെടുത്ത ഏഞ്ചല്‍ ഡി മരിയ ആറ് മിനിറ്റിനിടെയാണ് രണ്ട് ഗോളുകള്‍ അടിച്ചുകൂട്ടിയത്.
കളതീരാന് നേരം സെര്‍ജിയോ അഗ്യൂറോയും ഹിഗ്വയിനും കൂടി സ്കോര്‍ ചെയ്തതോടെ ഗോള്‍വര്‍ഷം പൂര്‍ത്തിയായി. ലുകാസ് ബാറിയോസിന്റെ വകയായിരുന്നു പരാഗ്വെയുടെ ആശ്വാസഗോള്‍.
ലക്ഷ്യം കണ്ടില്ലെങ്കിലും മൂന്നു ഗോളുകളുടെ സൂത്രധാരനായ സൂപ്പര്‍താരം ലയണല്‍ മെസി തന്നെയാണ് കളംനിറഞ്ഞു നിന്നത്.
















