ആലപ്പുഴ: കേരളത്തിന്റെ സ്വന്തം പൈതൃകമെന്ന് അവകാശപ്പെടാവുന്ന വള്ളംകളി സ്പോര്‍ട്സ് ഇനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ട് ആറു വര്‍ഷമായെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. സംസ്ഥാനത്തെ പ്രമുഖ വള്ളംകളി മത്സരങ്ങള്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിലയ്ക്കാന്‍ സാദ്ധ്യതയുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്താണ് വള്ളംകളിയെ കായിക ഇനമായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഒരു സമിതിയെയും നിയമിച്ചു. എന്നാല്‍ പ്രഖ്യാപനമല്ലാതെ വള്ളംകളി മത്സരങ്ങള്‍ക്ക് കായിക മത്സരങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയോ തുഴച്ചില്‍ക്കാരെ കായികതാരമായി അംഗീകരിക്കാനോ തയാറായിട്ടില്ല.
നിരവധി കടമ്പകളാണ് വള്ളംകളി കായിക മത്സരമായി അംഗീകരിക്കപ്പെടാന്‍ കടക്കേണ്ടത്. ആദ്യം എല്ലാ വള്ളങ്ങളുടെയും നീളവും വലുപ്പവും ഏകീകരിക്കണം. നിലവില്‍ പല ചുണ്ടന് വള്ളങ്ങള്‍ക്കും വ്യത്യസ്ത വലുപ്പമാണ്. കൂടാതെ വള്ളങ്ങളെല്ലാം തന്നെ പല കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ചവയാണ്. ഓരോ വള്ളങ്ങളിലെയും തുഴച്ചില്‍ക്കാരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. 80 മുതല്‍ 110 വരെയാണ് ചുണ്ടന് വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ എണ്ണം. ഇത് ഏകീകരിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല.
ഏഴു ജില്ലകളിലെങ്കിലും ചുണ്ടന് വള്ളങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കണമെന്ന നിബന്ധന ബോട്ട് ക്ലബുകളുടെ സംഘടനകള്‍ തന്നെ മുന്‍കൈയെടുത്ത് പാലിക്കുന്നുണ്ട്. നിലവില്‍ ഏഴു ജില്ലകളില്‍ ജലോത്സവങ്ങള്‍ അരങ്ങേറുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വിഖ്യാതമായ നെഹ്റുട്രോഫി ജലോത്സവം, ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവം തുടങ്ങിയവ മുടങ്ങാതെ നടത്തിക്കൊണ്ടു പോകാന്‍ സംഘാടകര്‍ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ വര്‍ഷം കായംകുളം ജലോത്സവം ഉള്‍പ്പെടെ പലതും നടന്നില്ല.
സ്പോണ്‍സര്‍മാരില്ലാത്തതാണ് ജലോത്സവങ്ങളെ നഷ്ടത്തിലേക്ക് നയിക്കുന്നത്. കാലങ്ങളായി മുപ്പതിലേറെ വള്ളങ്ങള്‍ പങ്കെടുക്കുന്ന മൂലം ജലോത്സവത്തില്‍ ഇത്തവണ അഞ്ച് ചുണ്ടനുകള്‍ ഉള്‍പ്പെടെ ഇരുപതില്‍ താഴെ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. നെഹ്റുട്രോഫി ജലോത്സവത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തുഴച്ചില്‍ക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലാണ്.
പ്രശസ്തമായ ബോട്ട് ക്ലബുകള്‍ പലതും ഈ രംഗത്തോട് വിടപറയുകയാണ്. ചുണ്ടന് വള്ളങ്ങളുടെ രണ്ടാഴ്ചത്തെ പരിശീലനത്തിന് മാത്രം കുറഞ്ഞത് 20 ലക്ഷത്തോളം രൂപ ചെലവ് വരും. എന്നാല്‍ നെഹ്റുട്രോഫി ജലോത്സവത്തില്‍ പോലും പരമാവധി ലഭിക്കുന്ന ബോണസ് തുക രണ്ടു ലക്ഷത്തില്‍ താഴെയാണ്. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടായില്ലെങ്കില്‍ ലോകത്തിന്റെ മുന്നില്‍ കേരളത്തിന്റെ അഭിമാനമായ വള്ളംകളികള്‍ക്ക് തനിമ നഷ്ടപ്പെടുക മാത്രമല്ല, അകാല ചരമമടയാനുള്ള സാദ്ധ്യതയുമുണ്ട്.
















