ചന്താബുരി (തായ്‌ലന്‍ഡ്): ഏഷ്യന്‍ ഗ്രാന്റ്പ്രീ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജിന്‍സണ്‍ ജോണ്‍സണും ഇന്ദര്‍ജീത്ത് സിങ്ങും ദേവിന്ദര്‍ സിംഗും പൊന്നണിഞ്ഞു. കൂടാതെ നാല് വെള്ളിയും ഒരു വെങ്കലവും ഇന്ത്യ സ്വന്തമാക്കി.
ചന്താബുരിയില്‍ നടന്ന മൂന്നാം പാദത്തില്‍ ജിന്‍സണ്‍ പുരുഷന്മാരുടെ 800 മീറ്ററിലും ഇന്ദര്‍ജിത്ത് സിങ് പുരുഷന്മാരുടെ ഷോട്ട്പുട്ടിലുമാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒന്നും രണ്ടും പാദങ്ങളിലും ഇരുവരും സ്വര്‍ണ്ണം നേടിയിരുന്നു. ജാവലിനില്‍ വിജയിച്ച ദേവിന്ദറിന്റെ വകയാണ് മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം. ഇതിന് പുറമെ പുരുഷന്മാരുടെ 400 മീറ്ററില്‍ രാജീവും പൂവമ്മയും വെള്ളി നേടി.ഒരു മിനിറ്റ് 50.56 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിന്‍സണ്‍ ജോണ്‍സണ്‍ തന്റെ സ്വര്‍ണ്ണനേട്ടം ആവര്‍ത്തിച്ചത്. ശ്രീലങ്കയുടെ ഹെരാത്ത് ഇന്ദുരില്‍ വെള്ളിയും ഇറാന്റെ മൊസെലെം നിയാദൂസ്ത് വെങ്കലവും നേടി.
ഷോട്ട്പുട്ടില്‍ 19.83 മീറ്റര്‍ എറിഞ്ഞാണ് ഇന്ദര്‍ജീത്ത് സിംഗ് ഗ്രാന്‍പ്രീയിലെ തന്റെ മൂന്നാം സ്വര്‍ണം നേടിയത്. ചൈനയുടെ വാങ് ഗ്വാങ്ഫു 19.55 മീറ്റര്‍ എറിഞ്ഞ് വെള്ളിയും18.92 മീറ്റര്‍ എറിഞ്ഞ് ചൈനയുടെ ഗ്വോ യാന്‍സിയാങ് വെങ്കലവും നേടി.
76.61 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് ദേവിന്ദര്‍ സിംഗ് തന്റെ ആദ്യ ഗ്രാന്‍പ്രി സ്വര്‍ണ്ണം നേടിയത്. ചൈനീസ് തായ്‌പേയുടെ ഹ്വാങ് ഷിഹ് ഫെങ് വെള്ളിയും ശ്രീലങ്കയുടെ ലക്ഷ്ണ്‍ ദയരാത്തെ വെങ്കലവും സ്വന്തമാക്കി. പുരുഷന്മാരുടെ 400 മീറ്ററില്‍ 46.07 സെക്കന്റില്‍ ഓടിയെത്തിയാണ് ഇന്ത്യയുടെ ആരോഗ്യ രാജീവ് വെള്ളിയണിഞ്ഞത്. 45.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വിയറ്റ്‌നാമിന്റെ കവാച് കോങ് ലിച്ചിനാണ് സ്വര്‍ണം. ഇറാന്റെ സജ്ജദ് ഹഷെമി 46.39 സെക്കന്‍ഡില്‍ വെങ്കലം നേടി.
വനിതകളുടെ ഈയിനത്തില്‍ 52.60 സെക്കന്റില്‍ എം.ആര്‍. പൂവമ്മയും വെള്ളിയണിഞ്ഞു. ഈയിനത്തില്‍ മാറ്റുരച്ച മലയാളി താരം അനില്‍ഡ തോമസ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 52.41 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വിയറ്റ്‌നാമിന്റെ എന്‍ഗ്യുയെന്‍ തി ഹ്യുയെന്നാണ് സ്വര്‍ണം. കസാക്ക്‌സ്താന്റെ രാഖ്മനോവ വെങ്കലം നേടി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗായത്രി 13.76 സെക്കന്റില്‍ വെള്ളിനേടിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരമായ മേഘ്‌ന അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് ഗ്രാന്‍്പ്രീകളിലും 100 മീറ്ററില്‍ മെഡലണിഞ്ഞ ശ്രബാനി നന്ദി ഇന്നലെ നാലാം സ്ഥാനം കൊണ്ട് തൃപ്തിയടഞ്ഞു.
പുരുഷ ലോങ്ജമ്പില്‍ അങ്കിത് ശര്‍മ്മ 7.87 മീറ്റര്‍ ചാടി വെള്ളിനേടി. അങ്കിതിന്റെ മൂന്നാം വെള്ളിമെഡലാണിത്. കഴിഞ്ഞ രണ്ട് ഗ്രാന്റ്പ്രീകളിലും അങ്കിത് വെള്ളി മെഡല്‍ നേടിയിരുന്നു. ചൈനയുടെ താങ് ഗോങ്‌ചെന്‍ 8.17 മീറ്റര്‍ ചാടി സ്വര്‍ണ്ണവും 7.82 മീറ്റര്‍ ചാടി ചൈനയുടെ തന്നെ ലി ചെങ്‌ജോന്‍ വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ ഇന്ത്യ വെങ്കലം നേടി.
















