ന്യൂദല്‍ഹി: മലയാളി ക്രികറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് ദല്‍ഹി പ്രത്യേക കോടതി ജൂലൈ 25ലേക്ക് മാറ്റി. കേസിന്റെ വിധി തയാറാക്കുന്ന നടപടിക്ക് കുറച്ചു കൂടി സമയം വേണമെന്നാവശ്യപ്പെട്ടാണ് വിധി പറയുന്നത് മാറ്റിവെച്ചത്.
കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കുമോ ഇല്ലയോ എന്നതിലാണ് കോടതി ഇന്ന് വിധി പറയാനിരുന്നത്. മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്ക നിയമം ചുമത്തിയാണ് ഐ.പി.എല്‍ വാതുവെപ്പ് കേസിലെ കുറ്റപത്രം ദല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. വഞ്ചനാ കുറ്റത്തിനുള്ള ഐ.പി.സി 420, ഗൂഡാലോചനക്കുള്ള 120 ബി വകുപ്പുകളായിരുന്നു കേസില്‍ ആദ്യം പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. പിന്നീട് നിരവധി പേര്‍ ഉള്‍പ്പെട്ട കേസായതുകൊണ്ട് മക്കോക്ക നിയമം ചുമത്തുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
കോടതി ഉത്തരവിനായി ക്ഷമയോടെ കാത്തിരിക്കുമെന്ന് വിധി കേള്‍ക്കാന്‍ ദല്‍ഹിയിലെത്തിയ ശ്രീശാന്ത് പ്രതികരിച്ചു. വിധി പറയുന്നത് ഒരുമാസം കൂടി നീട്ടിയതോടെ പരിശീലനത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്നും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
2013 മേയ് ഒന്‍പതിനു മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്‌പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണു ദല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. ശ്രീശാന്ത് അടക്കമുള്ളവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇതിനു പൊലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്.
















