ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ ബ്യൂറോയുടെ തലവനായി മുകേഷ് കുമാര്‍ മീണയ്‌ക്ക് തല്‍ക്കാലം തുടരാമെന്ന് ദല്‍ഹി ഹൈക്കോടതി. മുകേഷ് കുമാര്‍ മീണയെ അഴിമതി വിരുദ്ധ ബ്യൂറോയുടെ തലവനായി നിയമിച്ചതിനെതിരേ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ വിചാരണ തുടങ്ങുന്നതു വരെ മീണയ്‌ക്ക് തുടരാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.
1989 ബാച്ച് ഐപിഎസ് ഓഫീസറായ മീണയ്‌ക്ക് ഡല്‍ഹി പോലീസിലെ ജോയിന്റ് കമ്മിഷണറായി സ്ഥാനക്കയറ്റം നല്‍കി എസിബി ചീഫിന്റെ ചുമതല ഏല്‍പ്പിച്ചത് ലഫ്.ഗവര്‍ണറാണ്. എഎപി സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഈ നിയമനം. എന്നാല്‍ മീണ തിരികെ പോലീസ് സര്‍വീസിലേക്ക് പോകണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
















