മുംബൈ: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ചെന്നൈ താരങ്ങളായ സുരേഷ് റെയ്നയ്‌ക്കും രവീന്ദ്ര ജഡേജയ്‌ക്കും ഡ്വയിന്‍ ബ്രാവോയ്‌ക്കും ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. രാജ്യാന്തര താരങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിസിസിഐക്ക് കഴിയില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു.
ലളിത് മോദിയുടെ കത്തിനെ കുറിച്ച് ഐസിസി അന്വേഷിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ ഐസിസി ഇതുവരെ റിപ്പോര്‍ട്ടൊന്നും നല്‍കിയിട്ടില്ലെന്നും അതിനാല്‍ ബിസിസിഐക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഐസിസിയില്‍ നിന്ന് യാതൊരു നിര്‍ദേശവും ലഭിക്കാത്തതിനാല്‍ ഈ താരങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണെന്ന് താക്കൂര്‍ വ്യക്തമാക്കി.
റെയ്നയ്‌ക്കും ജഡേജയ്‌ക്കും മറ്റൊരു താരമായ ഡ്വയിന്‍ ബ്രാവോയ്‌ക്കും പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ബാബാ ദിവാന്‍ പണവും മറ്റ് പാരിതോഷികങ്ങളും നല്‍കിയതെന്നാണ് ലളിത് മോഡി 2013 ജൂണില്‍ ഐസിസിസിഇഎ ഡേവ് റിച്ചാര്‍ഡ്സണ് അയച്ച ഇ-മെയിലില്‍ ആരോപിച്ചത്. മോഡി അയച്ച ഇ-മെയിലിനെ കുറിച്ചുള്ള അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്നും താക്കൂര്‍ പറഞ്ഞു.
ഐപിഎല്‍ താരങ്ങളായ മൂന്ന് പേര്‍ക്കും ഒത്തുകളിച്ചതിന് 20 കോടി രൂപ ലഭിച്ചിരുന്നെന്ന് ലളിത് മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
















