സാന്റിയാഗോ: ആരാധകരുടെ ചങ്കിടിപ്പ് അല്പ്പമൊന്നേറ്റി അര്‍ജന്റീന. ഗോള്‍ രഹിതമായ നിശ്ചിത സമയത്തിനുശേഷം കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കുമൊക്കെ നീണ്ടു. ഒടുവില്‍ പകരക്കാരന് കാര്‍ലോസ് ടെവസിന്റെ കിക്ക് വലയില്‍ കുടുങ്ങുമ്പോള്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ ക്യാംപില്‍ ആഘോഷക്കതിനകളുടെ കാതടപ്പിക്കുന്ന ശബ്ദം.
ആശങ്കകളുടെ കാറ്റഴിച്ചുവിട്ട് അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്ബോളിന്റെ സെമിയിലേക്ക്. സംഭവബഹുലമായ ക്വാര്‍ട്ടറിന്റെ സഡന്‍ ഡെത്തില്‍ 5-4 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ ജയം.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു സംഘങ്ങളും പിഴയ്ക്കാത്ത തുടക്കമാണിട്ടത്. ജെയിംസ് റോഡിഗ്രസ്, റദമേല്‍ ഫല്‍ക്കാവോ, യുവാന്‍ ക്വഡ്രാഡോ എന്നിവര്‍ കൊളംബിയയ്ക്കും ലയണല്‍ മെസി, എസക്കിയേല്‍ ഗാരയ്, എവര്‍ ബനേഗ എന്നിവര്‍ അര്‍ജന്റീനയ്ക്കും വേണ്ടി ലക്ഷ്യം കണ്ടു, സ്കോര്‍ 3-3. പിന്നെ നാടകീയതയുടെ മറ്റൊരു ഘട്ടം. കൊളംബിയയുടെ ലൂയീസ് മുറിയേലിന്റെ കിക്ക് പുറത്തേക്ക്. അര്‍ജന്റീനയുടെ ഊഴക്കാരന് എസെക്കിയേല്‍ ലാവേസി ലക്ഷ്യംകണ്ടു (4-3). എഡ്വിന് കര്ണോഡയ്്ക്ക് ഉന്നംതെറ്റാതായപ്പോള് വീണ്ടും സ്കോര്‍ തുല്യം, 4-4. പക്ഷേ, അര്‍ജന്റീനയുടെ ജയം ഉറപ്പിക്കാനെത്തിയ ലൂക്കാസ് ബിഗിലയുടെ ഷൂട്ട് പാളി.
അങ്ങനെ സഡന്‍ ഡെത്തിന്റെ സമയം വന്നു. കൊളംബിയന്‍ പ്രതിനിധി യുവാന്‍ സുനിഗയുടെ കിക്ക് അര്‍ജന്റീനിയന്‍ ഗോളി റൊമേറൊ തട്ടിയകറ്റി. എന്നിട്ടും തീര്‍ന്നില്ല ഡ്രാമ, മാര്‍ക്കോസ് റോജയുടെ കിക്ക് ക്രോസ് ബാറിനെ ചുംബിച്ചു. കൊളംബിയയുടെ അടുത്തവസരം ജെയ്സന് മുറിയോയും പുറത്തേക്കടിച്ചു. മൂര്‍ച്ചകാട്ടിയ ടെവസ് അര്‍ജന്റീനയുടെ ഹീറോയുടെ കുപ്പായം എടുത്തണിഞ്ഞു (5-4).
തികച്ചും അര്‍ഹിച്ച ജയമാണ് അര്‍ജന്റീന സ്വന്തമാക്കിയതെന്നു പറയാം. തുടക്കം മുതല്‍ തന്നെ മെസിയും കൂട്ടരും ആക്രമണ ഫുട്ബോള്‍ കെട്ടഴിച്ചപ്പോള്‍ കൊളംബിയന്‍ ഗോള്‍ മുഖം വിറകൊണ്ടു. സൂപ്പര്‍ ഗോളി ഡേവിഡ് ഒസ്പിനയും അര്‍ജന്റീന മുന്നേറ്റ നിരയും തമ്മിലെ അങ്കമായിരുന്നത്. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നിര്‍വീര്യമാക്കിയ ഒസ്പിനയാണ് കളിയെ ഷൂട്ടൗട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. 26-ാം മിനിറ്റിലെ ഡബിള്‍ സേവ് അതില്‍ പ്രധാനം. സെര്‍ജിയോ അഗ്യൂറോയുടെ ഷോട്ട് പാദം കൊണ്ട് തട്ടിയകറ്റിയ ഒസ്പിന മെസിയുടെ ഹെഡ്ഡറും വളഞ്ഞുചാടി വിഫലമാക്കി.
നിക്കോളസ് ഒട്ടമെന്‍ഡിക്കും ഒസ്പിന ഗോള്‍ നിഷേധിച്ചു. ഒട്ടമെന്‍ഡിയുടെ ഗോളെന്നുറച്ച ഷോട്ട് ഒസ്പിന സേവ് ചെയ്തു. റീബൗണ്ട് ഗോള്‍ ലൈനില്വച്ചും തട്ടിനീക്കപ്പെട്ടു. ഇവര്‍ ബെനേഗയുടെ ഷോട്ടിന് ക്രോസ് ബാര്‍ വിഘാതം സൃഷ്ടിച്ചതും അര്‍ജന്റീനയുടെ നഷ്ടം. മറുവശത്ത് തുറുപ്പ് ചീട്ട് ജെയിംസ് റോഡ്രിഗസിന്റെ നിറംമങ്ങല് കൊളംബിയന്‍ നീക്കങ്ങളെ ഓജസില്ലാത്തതാക്കി. രണ്ടാം പകുതിയില്‍ കൊളംബിയ സ്കോര്‍ ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും റൊമേറ വഴങ്ങിയില്ല.
ടെവസിന് മധുരമൂറുംവീണ്ടെടുക്കല്
സാന്റിയാഗോ: ഒരു പെനാല്‍റ്റി കളഞ്ഞതിന് ഏറെ പഴികേട്ടു കാര്‍ലോസ് ടെവസ്. ഒടുവില്‍ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ആരാധകരുടെ ഹൃദയത്തിലേക്ക് ടെവസ് തിരിച്ചിറങ്ങി, മറ്റൊരു പെനാല്‍റ്റി കിക്കിലൂടെ. കൊളംബിയക്കെതിരായ സഡന്‍ ഡെത്തില്‍ അതി നിര്‍ണായക സ്പോട്ട് കിക്ക് ടെവസിന്റെ ബൂട്ടില്‍ നിന്ന് മിടുക്കന് ഗോളി ഡേവിഡ് ഒസ്പിനയെ കടന്ന് വലചലിപ്പിക്കുമ്പോള് അതു കളിയുടെ കാവ്യനീതിയായി.
2011ല്‍ ഉറുഗ്വെയുമായുള്ള മുഖാമുഖത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നാം കിക്കെടുത്ത ടെവസിനു പിഴച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ മടങ്ങാനായിരുന്നു വിധി. അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ച ഉറുഗ്വെ സെമിയിലേക്ക് കുതിച്ചു. അത്തവണ കിരീടം ഉറുഗ്വെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തു. കോപ്പയിലെ പിഴവിന് ടെവസ് ഏറെ അനുഭവിച്ചു. അന്നുതൊട്ടിന്നുവരെ ദേശീയ ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിക്കാന്‍ ടെവസിന് സാധിച്ചിരുന്നില്ല.
















