ടെമ്യൂകോ (ചിലി): ബൊളീവിയന്‍ പോരാട്ടവീര്യത്തെ തകര്‍ത്തെറിഞ്ഞ് പെറു കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പെറു ബൊളീവിയയെ തകര്‍ത്തുവിട്ടത്. സ്‌ട്രൈക്കര്‍ പൗലോ ഗ്വരേരോയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു പെറുവിന്റെ കുതിപ്പ്.
20, 23, 74 മിനിറ്റുകളിലായിരുന്നു ഗ്വരേരോയുടെ മിന്നുന്ന ഹാട്രിക്ക്. ഇത്തവണത്തെ കോപ്പ അമേരിക്കയിലെ ആദ്യ ഹാട്രിക്കുമാണ് ഇത്. ഇതോടെ ഗോള്‍വേട്ടയില്‍ മൂന്ന് ഗോളുകളോടൊപ്പം ചിലിയുടെ അര്‍ട്ടുറോ വിദാലിനൊപ്പമെത്തി ഗ്വരേരോ. 2011ലെ കോപ്പ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് ഗോളുകള്‍ നേടി ടോപ്‌സ്‌കോററായിരുന്നു ഗ്വരേരോ. 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മാഴ്‌സലോ മൊറാനോയാണു ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടിയത്. സെമിയില്‍ ചിലിയാണു പെറുവിന്റെ എതിരാളി. ചൊവ്വാഴ്ച സാന്റിയാഗോയിലാണു സെമി പോരാട്ടം. തുടര്‍ച്ചയായ രണ്ടാം തവണയാണ് പെറു സെമിയിലെത്തുന്നത്. കഴിഞ്ഞ തവണ ലൂസേഴ്‌സ് ഫൈനലില്‍ വെനസ്വേലയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടിയിരുന്നു.
ബൊളീവിയ പ്രതിരോധത്തിന് കരുത്തുകൂട്ടി 5-3-2 ശൈലിയിലും പെറു 4-4-2 ശൈലിയിലുമാണ് കളത്തിലിറങ്ങിയത്. അഞ്ച് പേരെ അണിനിരത്തിയിട്ടും പെറുവിയന്‍ താരങ്ങളുടെ ആക്രമണത്തിന് മുന്നില്‍ ബൊളീവിയന്‍ പ്രതിരോധം പലപ്പോഴും ഛിന്നഭിന്നമാകുന്നതാണ് കണ്ടത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബൊളീവിയയേക്കാള്‍ ഏറെ മികച്ചുനിന്നത് പെറുവാണ്. ബൊളീവിയന്‍ ഗോള്‍മുഖത്തേക്ക് അവര്‍ കളിയിലുടനീളം പായിച്ചത് 27 ഷോട്ടുകള്‍. അതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കും. മൂന്നെണ്ണം ഗോളാവുകയും ചെയ്തു. അതേസമയം ബൊളീവിയക്ക് ആകെ 9 ഷോട്ടുകളാണ് തൊടുക്കാന്‍ കഴിഞ്ഞത്. അതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് മൂന്നെണ്ണം മാത്രം. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ഗോള്‍കീപ്പര്‍ എന്ന പദവിയോടെയായിരിക്കും ബൊളീവിയയുടെ 23 കാരനായ ഗോള്‍ കീപ്പര്‍ ജാവിയര്‍ ക്വിനോനസും നാട്ടിലേക്ക് മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ ആകെ പത്ത് ഗോളുകളാണ് ബൊളീവിയന്‍ ഗോളി വഴങ്ങിയത്.
മധ്യനിര താരങ്ങള്‍ക്ക് കൃത്യമായി മുന്നേറ്റനിരയ്‌ക്ക് പന്തെത്തിക്കാന്‍ കഴിഞ്ഞതോടെ ആക്രമണത്തിനും അപാര മൂര്‍ച്ചയായിരുന്നു. ബൊളീവിയ്‌ക്കാകട്ടെ ഒരു ഘട്ടത്തിലും പെറുവിനെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞില്ല. തിരമാലപോലെ അടിച്ചാര്‍ത്ത പെറുവിനു മുന്നില്‍ പലപ്പോഴും പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുകയും ചെയ്തു. ഇതിനിടയിലും ഗോളാക്കിമാറ്റാന്‍ കഴിയുന്ന രണ്ടവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പെറു പ്രതിരോധത്തിന്റെ ഇടപെടല്‍ അവയെ നിഷ്പ്രഭമാക്കി.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 20-ാം മിനിറ്റിലാണ് പെറു ആദ്യമായി ബൊളീവിയന്‍ വല ചലിപ്പിച്ചത്. വര്‍ഗാസ് അളന്നുമുറിച്ചു നല്‍കിയ ക്രോസാണ് ഗ്വരേരോ ഉജ്ജ്വല ഹെഡ്ഡറിലൂടെ ബൊളീവിയന്‍ വല കുലുക്കിയത്. കഴിഞ്ഞ നവംബറിനു ശേഷം പെറുവിനായി ഗോളടിച്ചിട്ടില്ലെന്ന ആരാധകരുടെ വിഷമം തീര്‍ക്കുന്നതായിരുന്നു ഗ്വരേരോയുടെ ആദ്യ ഗോള്‍. മൂന്നുമിനിറ്റിനുശേഷം ഗ്വരേരോ രണ്ടാം ഗോളും നേടി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ കുയോവയുടെ പാസില്‍നിന്നായിരുന്നു ഗ്വരേരോ രണ്ടാം തവണയും ബൊളീവിയന്‍ വല കുലുക്കിയത്. തുടര്‍ന്നും നിരവധി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ പെറുവിന് കഴിയാതിരുന്നതോടെ ആദ്യ പകുതി 2-0ന് കലാശിച്ചു.
ആദ്യ പകുതി നിര്‍ത്തിയിടത്തുനിന്നുതന്നെയാണ് രണ്ടാം പകുതിയും അവര്‍ ആരംഭിച്ചത്. ഒപ്പം പെറുവും ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയതോടെ കളി പലപ്പോഴും പരുക്കനാവുകയും ചെയ്തു. കളിയില്‍ ആകെ എട്ട് തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചത്. ബൊളീവിയന്‍ താരങ്ങള്‍ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ 74-ാം മിനിറ്റില്‍ മൂന്നാം ഗോളും പെറു എതിര്‍ വലയില്‍ നിക്ഷേപിച്ചു. ബിജാരിയോയുടെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ചാണ് ഗ്വരേരോ വലയിലെത്തിച്ചത്. പത്ത് മിനിറ്റിനുശേഷം ബൊളീവിയ ഒരു ഗോള്‍ മടക്കി. ബൊളീവിയന്‍ താരം ഡാമിയന്‍ ലിസിയോയെ ബോക്‌സിനുള്ളില്‍ ലൂയിസ് അഡ്‌വിന്‍കുല വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാഴ്‌സെലോ മൊറൈനോയാണ് അവരുടെ ആശ്വാസഗോള്‍ നേടിയത്.
















