ധാക്ക: ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ ഭാരതം തോല്‍പ്പിച്ചത് എസിസി ചെയര്മാന് ശ്രീനിവാസന്റെ സഹായത്തോടെയാണെന്ന് ഐസിസി പ്രസിഡണ്ട് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍.
ഭാരതവും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരം സത്യസന്ധമായിരുന്നില്ലെന്നും കമാല്‍ പറയുന്നു. ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നല്കിയ അഭിമുഖത്തിലാണ് കമാല്‍ ഇക്കാര്യം പറഞ്ഞത്. ക്വാര്‍ട്ടറില്‍ ഭാരതം ബംഗ്ലാദേശിനെതിരെ തോറ്റതിന് പിന്നാലെയാണ് കമാല്‍ ഐസിസി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്.
സ്റ്റേഡിയത്തില്‍ സ്പൈഡര്‍ ക്യാമറയോ വലിയ സ്ക്രീനോ ഉണ്ടായിരുന്നില്ല. ക്യാമറ ഇല്ലാതെ ഭാരത-ബംഗ്ലാദേശ് മത്സരം മാത്രമേ മെല്‍ബണില്‍ നടന്നിട്ടുള്ളൂ. കളിയില്‍ ബംഗ്ലാദേശ് തോറ്റു; ഭാരതം ജയിച്ചു. അടുത്ത കളിയില്‍ ഈ എല്ലാ സൗകര്യങ്ങളും ഗ്രൗണ്ടിലുണ്ടായിരുന്നു. ശ്രീനിവാസന് ഇടപെട്ടാണ് ഇത്തരം സൗകര്യങ്ങളെല്ലാം മൈതാനത്തുനിന്നും എടുത്തുമാറ്റിയത് എന്ന് വ്യക്തമാണ് – മുസ്തഫ കമാല്‍ പറയുന്നു.
ഫൈനലിന് ശേഷം സമ്മാനദാനത്തിന് എത്തിയ ശ്രീനിവാസനെ ആരും ഗൗനിച്ചില്ല. അയാള്‍ നാണം കെട്ടു. ഐസിസി പ്രസിഡണ്ട് ആണ് ആ പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ചെയര്‍മാനല്ലെന്നും കമാല്‍ പറഞ്ഞു. എന്‍ ശ്രീനിവാസന് ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെയും കമാല്‍ ചോദ്യം ചെയ്യുന്നു. ഐപിഎല്ലില്‍ ആരോപണ വിധേയനായ ആളാണ് ശ്രീനിവാസന്. അയാളുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ബിസിസിഐ പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കുമായിരുന്നു.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഭാരതത്തിന്റെ ജയം വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. രോഹിത് ശര്‍മ ക്യാച്ച് നല്കിയ പന്ത് നോബോള്‍ വിളിച്ചതാണ് ബംഗ്ലാദേശ് ആരാധകരെ ചൊടിപ്പിച്ചത്. ജീവന് കിട്ടി ബാറ്റിംഗ് തുടര്‍ന്ന രോഹിത് സെഞ്ചുറിയടിച്ച് മാന്‍ ഓഫ് ദ മാച്ചായിരുന്നു. ഈ മത്സരത്തില്‍ ശ്രീനിവാസന്റെ ഇടപെടല്‍ നടന്നു എന്നാണ് കമാല്‍ പറയുന്നത്.
















