സാന്റിയാഗോ: ആതിഥേയരായ ചിലി കോപ്പ അമേരിക്കയുടെ സെമിയില്‍. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വെയെ കീഴടക്കിയാണ് 1999നുശേഷം ആദ്യമായി ചിലി അവസാന നാലില്‍ ഇടംപിടിച്ചത്. കളിയുടെ 83-ാം മിനിറ്റില്‍ മൗറീഷോ ഇസ്ലയുടെ ബൂട്ടില്‍ നിന്നാണ് ചിലിയുടെ വിജയഗോള്‍ വന്നത്. 16 വാര അകലെ നിന്നുള്ള ഇസ്ലയുടെ ഷോട്ട് വലകുലുക്കിയതോടെ ഒമ്പത് പേരായി ചുരുങ്ങിയ ഉറുഗ്വായുടെ വിധി തീരുമാനിക്കപ്പെട്ടു.
കളിയുടെ 63-ാം മിനിറ്റില്‍ ഉറുഗ്വെ സൂപ്പര്‍താരം എഡിസണ്‍ കവാനിയും 88-ാം മിനിറ്റില്‍ ജോര്‍ജ് ഫുസിലെയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും ഉറുഗ്വെക്ക് കനത്ത തിരിച്ചടിയായി. സ്‌റ്റേഡിയത്തിലെത്തിയ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചിലി നടത്തിയത്.
തകര്‍പ്പന്‍ ഫോമിലുള്ള ചിലിക്കെതിരെ പലപ്പോഴും ഉറുഗ്വെ താരങ്ങള്‍ പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. ഉറുഗ്വെയുടെ പ്രകടനം പരിധിവിട്ടപ്പോതോടെ ചിലിയും അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ പലപ്പോഴും കളി ഏറെ പരുക്കനാവുകയും ചെയ്തു. എട്ട് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുമാണ് റഫറി പുറത്തെടുത്തത്.
വിദാല്‍, അലക്‌സി സാഞ്ചസ്, വാല്‍ഡിവിയ എന്നിവരടങ്ങിയ ചിലി സംഘത്തിന്റെ പന്തടക്കത്തിന് മുന്നില്‍ പലപ്പോഴും നോക്കുകുത്തികളാകാനായിരുന്നു ഉറുഗ്വെ താരങ്ങളുടെ വിധി. പന്തടക്കത്തില്‍ മാത്രമല്ല, ഷോട്ടുകളുതിര്‍ക്കുന്നതിലും ചിലിയന്‍ താരങ്ങള്‍ ഉറുഗ്വെയേക്കാള്‍ ഏറെ മുന്നിലായിരുന്നു. കളിയുടെ 80 ശതമാനവും പന്ത് കൈവശം വച്ചത് ചിലിയായിരുന്നു. കളിയിലുടനിളം അവര്‍ പായിച്ച 15 ഷോട്ടുകളില്‍ 7 ഏഴെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരെണ്ണം മാത്രമാണ് ഉറുഗ്വെ ഗോളി മുസ്‌ലേരയെ കീഴടക്കി വലയില്‍ കയറിയത്. ബാറിന് കീഴില്‍ അത്യുജ്ജ്വല പ്രകടനമായിരുന്നു മുസ്‌ലേര കാഴ്ചവെച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ചിലിയുടെ ആധിപത്യമായിരുന്നെങ്കിലും ആദ്യ അവസരം ഉറുഗ്വെക്കാണ് ലഭിച്ചത്.
മൂന്നാം മിനിറ്റില്‍ അവരുടെ ക്രിസ്റ്റിയന്‍ റോഡ്രിഗസ് ബോക്‌സിനുള്ളില്‍ നിന്ന് പായിച്ച ഷോട്ട് ചിലി ഗോളി ക്ലോഡിയോ ബ്രാവോ രക്ഷപ്പെടുത്തി. ഇതിനുശേഷം കളി ചിലിയുടെ കൈകളിലായി. സൂപ്പര്‍താരങ്ങളായ അലക്‌സി സാഞ്ചസും വിദാലും വാല്‍ഡിവിയും മികച്ച ഒത്തിണക്കത്തോടെ പന്ത് പരസ്പരം കൈമാറി ഉറുഗ്വെ പ്രതിരോധത്തിന് കനത്ത തലവേദന സൃഷ്ടിച്ചു. പ്രതിരോധനിരയുടെ മികവാണ് ഗോള്‍ വഴങ്ങാതെ ടീമിനെ രക്ഷിച്ചുനിര്‍ത്തിയത്. സാഞ്ചസിന്റെയും വിദാലിന്റെയും വര്‍ഗാസിന്റെയുമൊക്കെ ഷോട്ടുകള്‍ ഉറുഗ്വെ പ്രതിരോധനിര ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുത്തി.
26-ാം മിനിറ്റില്‍ വാല്‍ഡിവിയയുടെ പാസില്‍ നിന്ന് ചാള്‍സ് അരാന്‍ഗ്വിസ് പായിച്ച ഷോട്ടും മുസ്‌ലേര രക്ഷപ്പെടുത്തി. 36-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് അര്‍ട്ടുറോ വിദാല്‍ പായിച്ച വലംകാലന്‍ ഷോട്ടും മുസ്‌ലേരയുടെ മെയ് വഴക്കത്തിന് മുന്നില്‍ വിഫലമായി. രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായില്ല. ചിലി എതിര്‍ ബോക്‌സിലേക്ക് ആക്രമണത്തിരമാലകള്‍ നടത്തിയെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ഉറുഗ്വെ പ്രതിരോധം പിടിച്ചുനിന്നു. ഇതിനിടെ 53-ാം മിനിറ്റില്‍ ഉറുഗ്വെയ്‌ക്ക് ലഭിച്ച സുവര്‍ണ്ണാവസരം പക്ഷേ ഡീഗോ റോലാന് ഗോളാക്കാനായില്ല. റോലാന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്ക്. 63-ാം മിനിറ്റില്‍ ഉറുഗ്വെക്ക് എഡിസണ്‍ കവാനിയെ നഷ്ടമായി.
തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാച്ചിംഗ് ഓര്‍ഡറും വാങ്ങി താരം കളത്തിന് പുറത്തേക്ക് പോയതോടെ ഉറുഗ്വെ 10 പേരായി ചുരുങ്ങുകയും ചെയ്തു. ഇതോടെ വല്ലപ്പോഴും നടത്തിയിരുന്ന അവരുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കുറയുകയും ചെയ്തു. രാജ്യത്തിനായി 76 കളികള്‍ കളിച്ച കവാനി ആദ്യമായാണ് ചുവപ്പുകാര്‍ഡ് നേടുന്നയത്. പിതാവ് ലൂയിസ് കവാനി നാട്ടില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് എഡിന്‍സന്‍ കവാനി ചിലിക്കെതിരായ മത്സരത്തില്‍ വിട്ടുനില്‍ക്കുമെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം ഇന്നലെ കളിക്കാനിറങ്ങിയിരുന്നു.
നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയാണ് നിര്‍ണായക മത്സരത്തില്‍ കവാനി രാജ്യത്തിന്റെ ജേഴ്‌സി അണിയാന്‍ തീരുമാനിച്ചത്. 74-ാം മിനിറ്റില്‍ അര്‍ട്ടുറോ വിദാല്‍ മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. 81-ാം മിനിറ്റില്‍ ചിലി കാത്തിരുന്ന ഗോള്‍ പിറന്നു. ചിലി താരം ഉറുഗ്വെ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഗോളി മുസ്‌ലേര കുത്തിയകറ്റിയെങ്കിലും കിട്ടിയത് വാല്‍ഡിവിയക്ക്. വാല്‍ഡിവിയ പന്ത് ഇസ്ലക്ക് കൈമാറി. പന്ത് സ്വീകരിച്ച് ഇസ്ല പായിച്ച വലം കാലന്‍ ഷോട്ട് മുസ്‌ലേരയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വലയില്‍ കയറിയതോടെ ഉറുഗ്വെയുടെ സ്വപ്‌നങ്ങള്‍ക്ക് വിരാമമായി. അതോടൊപ്പം ഇതുവരെ കിട്ടാക്കനിയായ ചിലി കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുകയും ചെയ്തു.
ബൊളീവിയ-പെറു മത്സരത്തിലെ വിജയികളെയാണ് ചിലി സെമിയില്‍ നേരിടുക.
















