മുംബൈ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ധോണിയുടെ രക്തത്തിനായി ദാഹിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്. ഏകദിനങ്ങളില്‍ ധോണിക്ക് വളരെ മികച്ച റെക്കോര്‍ഡാണുള്ളതെന്നും ഒരു പരമ്പരയിലെ തോല്‍വികൊണ്ട് മാത്രം താരത്തെ ക്രൂശിക്കരുതെന്നും ഒരു തീരുമാനമെടുക്കാന്‍ ധോണിക്ക് സമയം നല്‍കണമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ തോല്‍വിയ്ക്ക് ശേഷം ധോണി വളരെ അസ്വസ്ഥനാണ്. അതുകൊണ്ടാണ് മത്സരശേഷം തോല്‍വിക്ക് കാരണം താനാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാമെന്ന രീതിയിലുള്ള പ്രതികരണം ധോണിയില്‍ നിന്ന് വന്നത്. അതൊക്കെ തല്ക്കാലം മറക്കാം. തോല്‍വിയുടെ പേരില്‍ ധോണിയെ ക്രൂശിക്കരുത്. കാരണം ഏകദിനങ്ങളില്‍ ധോണിയുടെ റെക്കോര്‍ഡ് അനുപമമാണ്. അതിനെ ബഹുമാനിക്കണം. 2016ലെ ട്വന്റി ലോകകപ്പ് വരെ ധോണി ക്യാപ്റ്റനായി തുടരണോ എന്ന ചോദ്യത്തിന് തല്ക്കാലം പരമ്പര പൂര്‍ത്തിയാവട്ടെയെന്നും ഇത്തരം തീരുമാനങ്ങളൊന്നും ഒരു രാത്രികൊണ്ട് എടുക്കാനാവില്ലെന്നും ബിസിസിഐ ഉപദേശകസമിതി അംഗം കൂടിയായ ഗാംഗുലി പറഞ്ഞു.
ധോണി എന്ത് തീരുമാനം എടുത്താലും അത് നല്ലതുപോലെ ആലോചിച്ചശേഷമാകണം. അതിനുള്ള സമയം ധോണിക്ക് നല്‍കണം. എന്നാല്‍ ഈ വിഷയത്തില്‍ ബിസിസിഐ ഉപദേശകസമിതിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും ധോണി പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നില്‍ ടീം അംഗങ്ങള്‍ വിശ്രമമില്ലാതെ മത്സരങ്ങള്‍ കളിക്കുന്നതാണെന്ന വാദം ഗാംഗുലി തള്ളിക്കളയുകയും ചെയ്തു. എല്ലാ ടീമുകളും സമാനമായി സാഹചര്യത്തിലാണ് കളിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.
















