സാന്റിയാഗോ: നായകനും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയുടെ നൂറാം അന്താരാഷ്ട്ര മത്സരം, ടീമിന്റെ തലയുയര്‍ത്തിയുള്ള പ്രയാണത്തിന് ജയം അനിവാര്യമായ പോരാട്ടം…അങ്ങനെ അര്‍ജന്റീനയെ സംബന്ധിച്ചടത്തോളം കുറച്ചു പ്രത്യേകതകളുണ്ടായിരുന്നു വിരുന്നുകാരായ ജമൈക്കയുമായുള്ള അവസാന ഗ്രൂപ്പ് മുഖാമുഖത്തിന്. അതില്‍ മെസി ഗോളടിച്ചില്ല. എന്നാല്‍ ഗോണ്‍സാലോ ഹിഗ്വെയ്ന് വെടിപൊട്ടിച്ചു, 11-ാം മിനിറ്റില്‍. ഒരു ഗോളിന്റെ ജയവും ഏഴു പോയിന്റും ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍ പട്ടവും പേറി ലാറ്റിനമേരിക്കന്‍ വമ്പന്മാര് കോപ്പ അമേരിക്ക ഫുട്ബോളിന്റെ ക്വാര്‍ട്ടറിലേക്കു കുതിക്കുകയും ചെയ്തു.
പരാജിതരുടെ വശത്തു നിന്നെങ്കിലും ജമൈക്കയും അഭിമാനത്തോടെ തന്നെയാണ് മടങ്ങിയത്. അതിശക്തരോടു വീറോടെ അടരാടി നെഞ്ചുവിരിച്ചുള്ള പടിയിറക്കം.
തുറുപ്പുചീട്ട് സെര്‍ജിയോ അഗ്യൂറോയ്ക്കും നിക്കോളസ് ഒഡമെന്ഡിക്കും വിശ്രമം നല്‍കിയാണ് അര്‍ജന്റീന കളം തൊട്ടത്. പകരം ഹിഗ്വെയ്നും മാര്ട്ടിന് ഡെമിഷെലിസും വന്നു. ജമൈക്കയും കഴിഞ്ഞ കളിയിലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി.
ഏറെ അധ്വാനിച്ചിട്ടും അതിന്റെ ഫലംകണ്ടെത്താന് അര്ജന്റീനയ്ക്കായില്ലെന്ന് സ്കോര്‍ ഷീറ്റ് കണ്ടാല്‍ ആരും പറയും. പൊസഷന്റെ 73 ശതമാനവും മെസിയും സംഘവും കയ്യടക്കി. ഒന്നാം പകുതിയില്‍ പന്ത് ജമൈക്കയുടെ ഹാഫില്‍ തന്നെ തങ്ങി നിന്നു. മെസി അത്രത്തോളം മിന്നാത്തപ്പോള് എയ്ഞ്ചല്‍ ഡി മരിയെ മുന്‍ ജേതാക്കളുടെ കളി മെനഞ്ഞു. ഡി മരിയയുടെ പാസില്‍ നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ പിറന്നതും. മരിയയുടെ ഒരു ഷോട്ട് ഗോള്‍ ലൈനില്വെച്ചു വിച്ഛേദിക്കപ്പെടുന്നതും ഒരെണ്ണം ജമൈക്കന്‍ ഗോളി ഡ്വെയ്ന്‍ മില്ലര്‍ നിര്‍വീര്യമാക്കുന്നതും ഗാലറി കണ്ടിരുന്നു. ആദ്യ പകുതിയില്‍ ഹിഗ്വെയ്നും ഒന്നുരണ്ടവസരങ്ങള് പാഴാക്കി.
രണ്ടാം പകുതിയിലും അര്‍ജന്റീന ആക്രമണോത്സുകതയില്‍ കുറവുവരുത്തിയില്ല. 52-ാം മിനിറ്റില്‍ ഡി മരിയയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിയകന്നു. പിന്നാലെ മരിയയും ഹിഗ്വെയ്നും ചേര്‍ന്നു നെയ്ത നീക്കത്തിനൊടുവില്‍ റോബര്‍ട്ടോ പെരേരയുടെ ഷോട്ട് ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയി. അന്ത്യനിമിഷങ്ങളില്‍ ജമൈക്ക സമനില തേടി പടവെട്ടിയെങ്കിലും അര്‍ജന്റീനിയന്‍ പ്രതിരോധം വഴങ്ങിയില്ല.
















