സാന്റിയാഗോ: ബ്രസീലിന്റെ യുവ സൂപ്പര്‍ താരം നെയ്‌മറിന് കോപ്പ അമേരിക്കയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായി. കൊളംബിയയ്‌ക്കെതിരായ മത്സരശേഷം കയ്യാങ്കളി നടത്തിയ നെയ്‌മറിനെ നാലു മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചതോടെയാണിത്.
ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട മത്സരത്തില്‍ കൊളംബിയന്‍ താരം ജെയ്‌സണ്‍ മുറിയ്യൊയെ തലകൊണ്ടിടിച്ചതിന് ചുവപ്പ് കാര്‍ഡ് കിട്ടിയ നെയ്‌മറിനെ വെനസ്വേലയ്‌ക്കെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മാത്രം വിലക്കാനായിരുന്നു അച്ചടക്കസമിതിയുടെ ആദ്യ തീരുമാനം. എന്നാല്‍ തീരുമാനം പുന:പരിശോധിച്ച സമിതി വിലക്ക് നീട്ടുകയായിരുന്നു.
നെയ്‌മറുടെ പെരുമാറ്റം മൈതാനത്തിലെ ഗുരുതരമായ ചട്ടലംഘനമാണെന്ന് അച്ചടക്കസമിതി വിലയിരുത്തി. നെയ്‌മറിന് 10,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. നെയ്‌മറുമായി കൊമ്പു കോര്‍ക്കുകയും ചുവപ്പ് കാര്‍ഡ് വാങ്ങുകയും ചെയ്ത കൊളംബിയയുടെ താരം കാര്‍ലോസ് ബക്കയ്‌ക്കും രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ തീരുമാനത്തിനെതിരെ ഇരുവര്‍ക്കും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.
















