സ്റ്റാവെഞ്ചര്‍: ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സണിനു മുന്നില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു വീണ്ടും പിഴച്ചു. നോര്‍വെ ചെസ് ടൂര്‍ണമെന്റിനു മുന്നോടിയായുള്ള ചാമ്പ്യന്‍ഷിപ്പില്‍ ജയത്തിനടുത്തെത്തിയിട്ടും ആനന്ദ് തോറ്റു. ഇതോടെ അഞ്ചര പോയിന്റുമായി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക്. രണ്ട് ജയത്തോടെ തുടങ്ങിയെങ്കിലും, പിന്നീട് സമനിലകളും തോല്‍വിയും ആനന്ദിന്റെ വഴി മുടക്കി. അഞ്ചാം സ്ഥാനം ക്ലാസിക്കല്‍ അടിസ്ഥാനത്തിലുള്ള നോര്‍വെ ടൂര്‍ണമെന്റില്‍ അഞ്ച് തവണ വെള്ളക്കരുക്കളുടെ ആനുകൂല്യം ആനന്ദിനു സമ്മാനിക്കും.
അതേസമയം, പ്രമുഖര്‍ അണിനിരന്ന ടൂര്‍ണമെന്റിന് അപ്രതീക്ഷിത ജേതാവ്. ഫ്രാന്‍സിന്റെ മാക്‌സിം വാഷിയര്‍ ലഗ്രൈവ് ആറര പോയിന്റോടെ ഒന്നാമതെത്തി. കാള്‍സണെയും ഫാബിയാനോ കരൗണയെയും തോല്‍പ്പിച്ചു മാക്‌സിം. നോര്‍വെ ചെസ് ആദ്യ റൗണ്ടില്‍ കരൗണയാണ് ആനന്ദിന്റെ എതിരാളി. കരൗണ, അലക്‌സാണ്ടര്‍ ഗ്രിസ്ചുക്, ഹികാരു നകാമുറ, ലെവന്‍ ആരോണിയന്‍, കാള്‍സണ്‍ എന്നിവര്‍ക്കെതിരേ ആനന്ദിന് വെള്ളക്കരുക്കളുടെ ആനുകൂല്യം ലഭിക്കും. മൂന്നു ലക്ഷത്തിലധികം ഡോളറാണ് നോര്‍വെയില്‍ സമ്മാനത്തുക.
















