ന്യൂദല്‍ഹി:കാലവര്‍ഷം തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും കേരളത്തില്‍ മഴ കുറവ്. ഇടയ്‌ക്കിടെയാണ് മഴയുടെ വരവ്. അതും അല്‍പ്പനേരം. അതുകഴിഞ്ഞ് സൂര്യന്‍ ചിരിക്കും. എടവപ്പാതിയുടെ പേരുപോലും കളയുന്ന തരത്തിലാണ് ഇവിടുത്തെ മഴ. 56 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
192 മില്ലിമീറ്റര്‍ മഴയായിരുന്നു ഈ സീസണിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 84.2 മില്ലി മീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
എന്നാല്‍ മറ്റു പലസംസ്ഥാനങ്ങളിലും മഴ കുതിച്ചുപായുകയാണ്. ഭാരതത്തില്‍ മൊത്തം ഇതുവരെ ലഭിക്കേണ്ടതിനേക്കാള്‍ പതിനൊന്നു ശതമാനം മഴയാണ് ഇതിനകം ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സാധാരണയേക്കാള്‍ 76 ശതമാനം കൂടുതല്‍ മഴയാണ്കിട്ടിയത്.
കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ നല്ല മഴ ഇനിയുള്ള ദിവസങ്ങളിലും പ്രതീക്ഷിക്കാം. ഇത് കൃഷിക്കും ഗുണകരമാണ്. അണക്കെട്ടുകള്‍ നിറയുമെന്നാണ് പ്രതീക്ഷയും.
മധ്യഭാരതത്തില്‍ ജൂണ്‍ പത്തുവരെ മഴ 31 ശതമാനം കുറവായിരുന്നു. എന്നാല്‍ അടുത്ത നാലു ദിവസം കൊണ്ട് സാധാരണ ലഭിക്കുന്നതിനേക്കാള്‍ 12 ശതമാനം കൂടുതല്‍ മഴയും കിട്ടി.
എന്നാല്‍ ആഹഌദിക്കാന്‍ വരട്ടെയെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
















