ഫത്തുള്ള: ഇന്ത്യ- ബംഗ്ലാദേശ് ഏക ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. മഴ ഏറെ തടസപ്പെടുത്തിയ ടെസ്റ്റിന്റെ അവസാന ദിനം ആതിഥേയരെ ഫോളോ ഓണ്‍ ചെയ്യിക്കാനായത് ടീം ഇന്ത്യയ്‌ക്ക് ആശ്വാസമേകി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് (462 ഡിക്ല.) മറുപടി പറയാന്‍ ഇറങ്ങിയ ബംഗ്ലാ കടുവകള്‍ 256ന് പുറത്തായി.
72 റണ്‍സെടുത്ത ഓപ്പണര്‍ ഇമ്രുല്‍ കെയ്‌സാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് 44ഉം സൗമ്യ സര്‍ക്കാര്‍ 37ഉം റണ്‍സ് വീതം നേടി. ആര്‍. അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടനം വേറിട്ടുനിന്നു. കരിയറില്‍ പത്താം തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്യുന്നത്.
ഒരിടവേളയ്‌ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് മൂന്നു പേരെ പുറത്താക്കി മാറ്ററിയിച്ചു. വീണ്ടും ബാറ്റിങ്ങിന് വിളിക്കപ്പെട്ട ബംഗ്ലാദേശ് മത്സരം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 23 എന്ന നിലയിലായിരുന്നു. സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ (173) ശിഖര്‍ ധവാന്‍ മാന്‍ ഓഫ് ദ മാച്ച്.
















