സാന്റിയാഗോ: നിലവിലെ ചാമ്പ്യന്‍മാരായ ഉറുഗ്വെയ്‌ക്ക് ജയത്തുടക്കം. പ്രത്യേക ക്ഷണം സ്വീകരിച്ച് ടൂര്‍ണമെന്റിനെത്തിയ ജമൈക്കയെ മറുപടിയില്ലാത്ത ഒരു ഗോളിന് ഉറുഗ്വെ അതിജീവിച്ചു. 52-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗസാണ് മത്സരത്തിന്റെ വിധിയെഴുതിയ ഗോളിന് പിറവികൊടുത്തത്.
ഗ്രൂപ്പ് ബിയിലെ മുഖാമുഖത്തില്‍ അത്ര വിശ്വസനീയമല്ലായിരുന്നു ഉറുഗ്വെയുടെ പന്തുതട്ടല്‍. ലാറ്റിനമേരിക്കയ്‌ക്കു പുറത്തു നിന്നുള്ള ജമൈക്ക ഉറുഗ്വെയോട് പിടിച്ചുനില്‍ക്കുമോയെന്ന സംശയം പ്രകടിപ്പിച്ചവരേറെ. എന്നാല്‍ കരീബിയന്‍ സംഘം തലയുയര്‍ത്തി തന്നെ കളംവിട്ടു. ഒന്നാം പകുതിയില്‍ പലതവണ ഉറുഗ്വെ പ്രതിരോധത്തെജമൈക്ക വെള്ളം കുടിപ്പിച്ചു. മറുവശത്ത് ലൂയീസ് സുവാരസിന്റെ അഭാവത്തില്‍ ഉറുഗ്വെ മുന്നേറ്റ നിര ലക്ഷ്യബോധമില്ലാത ഉഴറി. റോഡ്രിഗസിന്റെ ഷോട്ട് ജമൈക്കന്‍ ഗോളി ഡ്വെയ്ന്‍ കെര്‍ നിര്‍വീര്യമാക്കുന്നതിനും എഡിന്‍സന്‍ കവാനിയുടെ വോളി പാളിപ്പോകുന്നതിനുമൊക്കെ ഗാലറി സാക്ഷ്യം വഹിച്ചു.
ഒടുവില്‍ രണ്ടാം പകുതി തുടങ്ങി ഏഴു മിനിറ്റുകള്‍ താണ്ടിയപ്പോള്‍ ലാറ്റിനമേരിക്കന്‍ കരുത്തര്‍ പൂട്ടുപൊട്ടിച്ചു. നിക്കോളസ് ലൊയ്ഡറോയുടെ ഫ്രീ കിക്ക് ജോസ് ജിമെനസിന്റെ തലയില്‍ തട്ടി റോഡ്രിഗസിന്റെ വഴിയില്‍വന്നു. പോസ്റ്റിനരുകില്‍ നിന്ന റോഡ്രിഗസ് വലയുടെ വലതുമൂലയില്‍ പന്തുകയറ്റി (1-0). ഒപ്പമെത്താന്‍ ജമൈയ്‌ക്കും സാധ്യതകള്‍ തുടര്‍ന്നും തുറക്കപ്പെട്ടു. ജൈല്‍സ് ബാര്‍നസിന്റെ ഹെഡ്ഡര്‍ തെല്ലൊന്നകന്നത് അതിലൊരെണ്ണം. പിന്നെയും ജമൈക്ക സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഉറുഗ്വെ പോറലേല്‍ക്കാതെ കരകയറി.
















