ലാ സെരെന: കോപ്പ അമേരിക്കന്‍ ചാമ്പ്യന്മാരാകാനുള്ള മോഹവുമായിറങ്ങിയ അര്‍ജന്റീനയെ പരാഗ്വെ സമനിലയില്‍ തളച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തില്‍ പരാഗ്വെയ്ക്കെതിരെ അര്‍ജന്റീന 2-2 ന്റെ സമനില വഴങ്ങി. പകരക്കാരനായിറങ്ങിയ ലൂകാസ് ബാറിയോസ് 90-ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്റീനയുടെ വിജയ പ്രതീക്ഷകള്‍ തട്ടിയെടുത്തത്. മത്സരത്തില്‍ രണ്ടു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു പരാഗ്വെയുടെ തിരിച്ചുവരവ്.
ടൂര്‍ണമെന്റ് ഫേവറൈറ്റുകളായ അര്‍ജന്റീന മികച്ച രീതിയിലാണ് കളി തുടങ്ങിയത്. 29-ാം മിനിറ്റില്‍ ലയണല്‍ മെസി നല്കിയ പാസിലൂടെ സെര്‍ജിയോ അഗ്വേറോയാണ് അര്‍ജന്റീനയ്ക്കു ആദ്യ ഗോള്‍ സമ്മാനിച്ചത്. 36-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ പിറന്നു. മധ്യനിര താരം ഏയ്ഞ്ചല്‍ ഡി മരിയയെ പരാഗ്വെന്‍ താരം മിഹ്വേല്‍ സാമുഡിയോ വീഴ്ത്തി. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മെസിക്കു പിഴച്ചില്ല. ഗോളി ആന്റോണി സില്‍വയെ മറികടന്ന് പന്ത് വലയിലെത്തി. അര്‍ജന്റീന-2, പരാഗ്വെ-0.
രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച പരാഗ്വെക്കായി 60 മിനിറ്റില്‍ നെല്‍സണ്‍ എയ്ഡോ വാല്‍ഡസ് ആദ്യ ഗോള്‍ നേടി. ഇതോടെ അര്‍ജന്റീന പരാഗ്വെന്‍ ഗോള്‍ മുഖത്ത് നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളി സില്‍വയെ മറികടക്കാനായില്ല. 79-ാം മിനിറ്റില്‍ റോക്കേ സാന്താ ക്രൂസിനു പകരക്കാരനായെത്തിയ ലൂകാസ് ബാറിയോസ് സമനില ഗോള്‍ നേടിയതോടെ അര്‍ജന്റീനയുടെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു.
മൂന്ന് പോയിന്റുമായി ഉറുഗ്വെയാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. ഒരു പോയിന്റ് വീതം നേടിയ അര്‍ജന്റീനയും പരാഗ്വെയും രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വെയോടു പരാജയപ്പെട്ട ജമൈക്കയാണ് ഗ്രൂപ്പില്‍ അവസാനസ്ഥാനത്ത്.
















