കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ (ഐഎസ്എല്‍) നിലവിലെ ജേതാക്കള്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത രണ്ട് താരങ്ങളെ നിലനിര്‍ത്തി. കൊല്‍ക്കത്തയെ കിരീടത്തിലേക്കു നയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രതിരോധനിര താരം ജോസ് മിഗ്വെല്‍ ഗൊണ്സാല് റേ (ജോസ്മി), ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഒഫെന്റസ് നാറ്റോ എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്.
കഴിഞ്ഞ സീസണില്‍ അര്‍ണബ് മണ്ഡലിനൊപ്പം ജോസ്മി നടത്തിയ പ്രകടനം കൊല്‍ക്കത്തയുടെ കുതിപ്പിന് കാരണമായി. 13 ഗോളുകള്‍ മാത്രമേ കൊല്‍ക്കത്ത വഴങ്ങിയുള്ളു. ലിവര്‍പൂളിന്റെ മുന്‍ ലെഫ്റ്റ് ബാക്കാണ് സ്പെയ്നില്‍നിന്നുള്ള മുപ്പത്തിയഞ്ചുകാരന് ജോസ്മി. ബോട്സ്വാനയില്‍നിന്നുള്ള ഇരുപത്തിയഞ്ചുകാരന് ഒഫെന്റസും ലഭിച്ച അവസരങ്ങളെല്ലാം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി.
















