മ്യൂണിക്ക്: ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് സൗഹൃദ മത്സരത്തില്‍ കാലിടറി. അമേരിക്കയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ കീഴടക്കിയത്. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു അമേരിക്കന്‍ പടയോട്ടം നടന്നത്. മുന്‍ ജര്‍മ്മന്‍ ഇതിഹാസം യുര്‍ഗന്‍ ക്ലിന്സ്മാന് പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ടീം തോല്ക്കാന് തയ്യാറല്ലായിരുന്നു.
അതുകൊണ്ടുതന്നെ ജര്‍മ്മന്‍ വലിപ്പത്തെ പേടിക്കാതെ അവര്‍ ആഞ്ഞുപൊരുതുകയും ചെയ്തു. കളിതീരാന്‍ നാല് മിനിറ്റ് ബാക്കിനില്‍ക്കേ പകരക്കാരനായി ഇറങ്ങിയ ബോബി വുഡ് നേടിയ ഗോളാണ് ലോക ചാമ്പ്യന്മാരെ അടിയറവ് പറയിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി കിരീടം ചൂടിയശേഷം ജര്‍മ്മനി നേരിടുന്ന രണ്ടാമത്തെ പരാജയമാണിത്. ആദ്യ പരാജയം കഴിഞ്ഞ സെപ്തംബറില്‍ അര്‍ജന്റീനയോടായിരുന്നു.
മെസ്യൂട്ട് ഓസില്‍, മരിയോ ഗോട്സെ, ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗര്‍, ആന്ദ്രെ ഷ്റല്‍, പൊഡോള്സ്കി തുടങ്ങി ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്നിട്ടും അമേരിക്കയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ജര്‍മ്മനിയുടെ വിധി.
അനായാസവിജയം പ്രതീക്ഷിച്ചെത്തിയ ജര്‍മ്മനി കളിയുടെ 12-ാം മിനിറ്റില്‍ മരിയോ ഗോട്സെയിലൂടെ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ 41-ാം മിനിറ്റില്‍ അമേരിക്കക്ക് വേണ്ടി മിക്സ് ഡിസ്കെറെഡ് ലക്ഷ്യം കണ്ടതോടെ ആദ്യപകുതി സമാസമം.
രണ്ടാം പകുതിയില്‍ ഇരുടീമുകളും ആവേശകരമായ പോരാട്ടം പുറത്തെടുത്തു. ഇരുഗോള്‍മുഖത്തേക്കും നിരവധി തവണ പന്ത് കയറിയിറങ്ങുകയും ചെയ്തെങ്കിലും ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കളി സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരിക്കെയായിരുന്നു 74-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അമേരിക്കയുടെ ബോബി വുഡ് പായിച്ച ഷോട്ട് ജര്‍മ്മന്‍ വലയില്‍ കയറിയത്. പിന്നീട് ഇഞ്ചുറി സമയത്ത് സമനില പാലിക്കാന്‍ ജര്‍മ്മനിക്ക് അവസരം ലഭിച്ചെങ്കിലും സമി ഖദീരയുടെ ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പറന്നതിന് തൊട്ടുപിന്നാലെ റഫറിയുടെ ലോങ് വിസിലും മുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: