പോര്‍ട്ടോ അലെഗ്ര: കാല്‍പ്പന്തുകളിയില്‍ ബ്രസീലിന് തുടര്‍ച്ചയായ പത്താം വിജയം. സ്വന്തം മണ്ണില്‍ 2014-ല്‍ നടന്ന ദയനീയപ്രകടനത്തിനുശേഷം സടകുടഞ്ഞെഴുന്നേറ്റ ബ്രസീല്‍ അതിനുശേഷം അപരാജിത കുതിപ്പാണ് നടത്തുന്നത്. ഇന്നലെ നടന്ന കളിയില്‍ ഹോണ്ടുറാസാണ് കാനറികള്‍ക്ക് മുന്നില്‍ വീണത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിയന്‍ വിജയം. ക്യാപ്റ്റന്‍ നെയ്‌മര്‍ അടക്കമുള്ള ചില സൂപ്പര്‍താരങ്ങളെ ആദ്യപകുതിയില്‍ പുറത്തിരുത്തിയ മത്സരത്തില്‍ 33-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് നെയ്‌മര്‍ കളത്തിലിറങ്ങിയത്. ഹോണ്ടുറാസ് ഗോളി ബാറിനുകീഴില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ബ്രസീലിന്റെ വിജയമാര്‍ജിന്‍ ഒന്നായി കുറച്ചത്. ഗോളെന്നുറച്ച നാലോളം അവസരങ്ങളാണ് ഹോണ്ടുറാസ് ഗോളി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇനി ബ്രസീലിന് കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലാണ് കരുത്ത് തെളിയിക്കാനുള്ളത്. ചാമ്പ്യന്‍ഷിപ്പിന് മുന്‍പായി നടന്ന ബ്രസീല്‍ കളിച്ച അവസാന സൗഹൃദമത്സരമായിരുന്നു ഇത്.
കഴിഞ്ഞ ലോകകപ്പിലെ സെമിയില്‍ ജര്‍മ്മനിയോട് 7-1നും ലൂസേഴ്‌സ് ഫൈനലില്‍ 3-0ന് നെതര്‍ലന്‍ഡ്‌സിനോടും തകര്‍ന്നടിഞ്ഞ ബ്രസീല്‍ പരിശീലകനായിരുന്ന ലൂയി ഫിലിപ്പ് സ്‌കൊളാരിയെ മാറ്റി മുന്‍ നായകന്‍ കാര്‍ലോസ് ദുംഗയെ കോച്ചായി നിയമിച്ചിരുന്നു. ഇതിനുശേഷമാണ് ബ്രസീല്‍ ടീം തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം വീണ്ടും പുറത്തെടുത്തുതുടങ്ങിയത്.
2006-10 കാലയളവില്‍ പരിശീലകനായിരുന്ന ദുംഗയുടെ രണ്ടാം വരവാണ് ഇത്തവണത്തേത്. ഇത്തവണ കളിച്ച പത്ത് കളികളിലും ജയിച്ച അവര്‍ 21 ഗോളുകള്‍ നേടിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. ബ്രസീലിന്റെ അപരാജിത കുതിപ്പില്‍ ഫ്രാന്‍സും അര്‍ജന്റീനയും മെക്‌സിക്കോയും ഉള്‍പ്പെടെയുള്ള ലോകോത്തര ടീമുകളാണ് പരാജയം ഏറ്റുവാങ്ങിയിരുന്നത്.
















