പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ പുത്തന്‍ താരോദയം. സ്വിറ്റ്സലന്ഡുകാരനായ സ്റ്റാനിസ്ലാവ് വാവ്റിങ്കയാണ് റോളണ്ട് ഗാരോസില്‍ കിരീടം ചൂടി കളിമണ്‍ കോര്‍ട്ടിലെ പുതിയ രാജകുമാരനായി മാറിയത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വാവ്റിങ്കയുടെ കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടധാരണം. മൂന്നുമണിക്കൂറും 12 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തില്‍ 4-6, 6-4, 6-3, 6-4 എന്ന സ്കോറിനായിരുന്നു വാവ്റങ്കയുടെ വിജയം. ആദ്യ സെറ്റ് നഷ് ടമായ ശേഷം ശക്തമായി തിരിച്ചുവന്നാണ് എട്ടാം സീഡ് വാവ്റിങ്ക കിരീടം നേടിയത്. കിരീടത്തിലേക്കുള്ള പ്രയാണത്തില്‍ ലോക രണ്ടാം നമ്പറും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡററും വാവ്റിങ്കക്ക് മുന്നില്‍ മുട്ടുമടക്കിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഫെഡറര്‍ പരാജയപ്പെട്ടത്.
2009-ല്‍ റോജര്‍ ഫെഡറര്‍ക്കുശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ സ്വിസ് താരമാണ് വാവ്റിങ്ക. ഈ വര്‍ഷം ആദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഡോക്കോവിച്ച് വാവ്റിങ്കയെ പരാജയപ്പെടുത്തിയിരുന്നു. ഈ പരാജയത്തിനുള്ള മധുരമായ പകരം വീട്ടലും കൂടിയായി വാവ്റിങ്കയുടെ കിരീടധാരണം. 30-ാം വയസ്സിലാണ് വാവ്റിങ്ക ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നത്. അതേസമയം ഡോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ഇനിയും കിട്ടാക്കനിയായി തുടരുകയാണ്.
മൂന്നുതവണ ഫൈനല്‍ കളിച്ചിട്ടും കിരീടം നേടാന്‍ കഴിഞ്ഞില്ല. 2012, 14ലും ഫൈനല്‍ കളിച്ച ഡോക്കോവിച്ച് രണ്ടുതവണയും റാഫേല്‍ നദാലിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. രണ്ട് തവണ മാത്രം ഗ്രാന്റ്സ്ലാം ഫൈനല്‍ കളിച്ച വാവ്റിങ്ക രണ്ടിലും വിജയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണിലായിരുന്നു ആദ്യ ഫൈനല്‍. അന്ന് നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ റാഫേല്‍ നദാലാണ് വാവ്റിങ്കക്ക് മുന്നില്‍ കീഴടങ്ങിയത്.
ഇതോടെ വാവ്റിങ്ക ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഇതിന് പിന്നാലെ ഡേവിസ് കപ്പില്‍ റോജര്‍ ഫെഡറര്‍ക്കൊപ്പം ചേര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തു.
സ്പാനിഷ് താരം റാഫേല്‍ നദാല്‍ അടക്കിവാണ ഫ്രഞ്ച് ഓപ്പണില്‍ പത്തുവര്‍ഷത്തിനുശേഷമാണ് പുതിയൊരു ചാമ്പ്യന്‍ ഉദയം കൊണ്ടത്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഒമ്പത് തവണയും സ്പെയിന്റെ നദാലായിരുന്നു ചാമ്പ്യന്‍. 2005 മുതല്‍ 2008 വരെയും 2010 മുതല്‍ 2014 വരെയുമായിരുന്നു റോളണ്ട് ഗാരോസില്‍ നദാലിന്റെ പടയോട്ടം. 2009ല്‍ സ്വിസ് ഇതിഹാസം ഫെഡററായിരുന്നു ജേതാവ്.
മാറ്റ്സ് വിലാണ്ടര്ക്കുശേഷം ആണ്‍കുട്ടികളുടെ വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും ജേതാവാകുന്ന ആദ്യതാരവും വാവ്റിങ്കയാണ്. 1990-ല്‍ ആന്ദ്രെ ഗോമസിനുശേഷം കിരീടം നേടിയ ഏറ്റവും പ്രായം കൂടിയ താരമാണ് വാവ്റിങ്ക. കഴിഞ്ഞ വര്‍ഷം ഒന്നാം റൗണ്ടില്‍ പുറത്തായശേഷം തൊട്ടടുത്ത വര്‍ഷം റോളണ്ട് ഗാരോസില്‍ കിരീടം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇനി വാവ്റിങ്കക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: