ലണ്ടന്‍: പുരുഷന്മാരുടെ ഏറ്റവും പുതിയ ടെന്നീസ് റാങ്കിംഗില്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് സ്റ്റാനിസ്ലാവ് വാവ്റിങ്കക്ക് മുന്നേറ്റം. നേരത്തെ എട്ടാം സ്ഥാനത്തായിരുന്ന വാവ്റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നൊവാക് ഡോക്കോവിച്ചിനെ പരാജയപ്പെടുത്തി കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് പതിച്ചു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നദാലിന്റെ ഏറ്റവും മോശം റാങ്കിംഗാണിത്. ഒന്നും രണ്ടും സ്ഥാനത്ത് ഡോക്കോവിച്ചും റോജര്‍ ഫെഡററുമാണ്. ബ്രിട്ടീഷ് താരം ആന്‍ഡി മുറെയാണ് മൂന്നാമത്.
വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ അമേരിക്കയുടെ സെറീന വില്ല്യംസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന മരിയ ഷറപ്പോവ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചെക്ക് താരം പെട്ര ക്വിറ്റോവയാണ് പുതിയ റാങ്കിംഗില്‍ രണ്ടാമത്. ക്വിറ്റോവ നേരത്തെ നാലാം സ്ഥാനത്തായിരുന്നു. റുമാനിയന്‍ താരം സിമോണ ഹാലപ്പ് മൂന്നാം സ്ഥാനത്താണ്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സെറീന വില്ല്യംസിനോട് പരാജയപ്പെട്ട ലൂസി സഫറോവ തന്റെ ഏറ്റവും മികച്ച റാങ്കിലെത്തി. നിലവില്‍ ഏഴാമതാണ് സഫറോവ.
















