ബാഴ്‌സലോണ: ഈ സീസണില്‍ ബാഴ്‌സലോണയെ ട്രിപ്പിള്‍ കിരീടത്തിലേക്കു നയിച്ച പരിശീലകന്‍ ലൂയി എന്റിക്വെ തുടരുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മറിയ ബര്‍ടോമ്യു. സമ്മോഹന നേട്ടം സമ്മാനിച്ച പരിശീലകനെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ല. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹത്തിന് കരാര്‍ നീട്ടി നല്‍കും – ജോസഫ് പറഞ്ഞു. ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ശേഷവും ക്ലബ്ബിലെ ഭാവിയെക്കുറിച്ച് വ്യക്തമാക്കാന്‍ എന്റിക്വെ തയാറായിരുന്നില്ല.
ജനുവരിയില്‍ റയല്‍ സോസിഡാഡിനോടേറ്റ തോല്‍വിയാണ് എന്റിക്വെയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തിയത്. എന്നാല്‍, അവിടെ നിന്ന് അവിശ്വസനീയമായി തിരിച്ചെത്തിയ കറ്റാലന്‍ പട ലാ ലിഗ, കിങ്‌സ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി.
സെവിയ്യയില്‍നിന്നെത്തിയ അലെക്‌സ് വിദാലിനെ അവതരിപ്പിക്കുന്ന ചടങ്ങിലാണ് പരിശീലകനെ നിലനിര്‍ത്തുമെന്ന പ്രഖ്യാപനം. അതേസമയം, യുവന്റസില്‍നിന്ന് പോള്‍ പോഗ്ബയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ ജോസഫ് തള്ളി.
















