ന്യൂദല്‍ഹി: താരങ്ങള്‍ക്ക് അമേരിക്ക വിസ അനുവദിക്കാത്തതിനെത്തുടര്‍ന്ന് ലോക യൂത്ത് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യ പിന്മാറി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലകരുള്‍പ്പെടെ 31 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കാനിരുന്നത്. ഇവരില്‍ ദക്ഷിണ കൊറിയന്‍ പരിശീലകന് ചെയ് വോഫ് ലിമിന് ഉള്‍പ്പെടെ 21 പേര്‍ക്ക് വിസ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതിഷേധമെന്നോണം പിന്മാറുകയാണെന്ന് ആര്‍ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യ ട്രഷറര്‍ വീരേന്ദര്‍ സച്ദേവ് പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പ് സമാപിച്ച ശേഷം മടങ്ങുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാതിരുന്നതു കൊണ്ടാണ് വിസ നിഷേധിച്ചതെന്ന് യുഎസ് എംബസി അധികൃതര്‍ പറയുന്നു. അതേസമയം, കൃത്യമായ ഉത്തരം നല്‍കിയിരുന്നുവെന്നും ടീമംഗങ്ങള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വേണ്ടത്രയില്ലാതിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നും വീരേന്ദര്‍ സച്ദേവ് വിശദീകരിക്കുന്നു.
















