ധാക്ക: ബംഗ്ലാദേശിലെ മാധ്യമങ്ങള്‍ക്ക് ഇന്നലെ മറ്റെല്ലാം ചെറുവൃത്താന്തങ്ങളായിരുന്നു. ഭാരതപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ അവര്‍ ഉഗ്രന്‍ തലക്കെട്ടുകളും പ്രത്യേക ലേഖനങ്ങളുംകൊണ്ട് ആഘോഷിച്ചപ്പോള്‍ മറ്റുവാര്‍ത്തകളെല്ലാം വഴിമാറിക്കൊടുത്തു.
എല്ലാ ദിനപത്രങ്ങളുടെയും വെബ്‌സൈറ്റുകളുടെയും പ്രധാനവാര്‍ത്ത മോദിയായി മാറി.
മോദിയുടെ വരവിന്റെ നയതന്ത്ര പ്രാധാന്യം,സഞ്ചാരപദ്ധതി എന്നിവയ്‌ക്കുപുറമെ അദ്ദേഹത്തിന് ഒരുക്കിവച്ചിരിക്കുന്ന വിഭവങ്ങള്‍ വരെ ബംഗാളിയിലും ഇംഗ്ലീഷിലുമുള്ള അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിഷയമാക്കി.
ഭാരത നയതന്ത്ര ഉദ്യോഗസ്ഥര്‍ മോദിയുടെ ബംഗ്ലാ പര്യടനത്തെ ചരിത്രപരം എന്നു വിശേഷിപ്പിച്ചിരുന്നു. മിക്കവാറും പത്രങ്ങള്‍ ‘ചരിത്രപരം’ എന്ന തലക്കെട്ടുതന്നെ സ്വീകരിച്ചു. ‘മോദി ഇന്നു പറന്നുവരുന്നു, പ്രതീക്ഷകള്‍ ഏറെ ഉയരത്തില്‍’ എന്നതായിരുന്നു ഡെയ്‌ലി സ്റ്റാറിന്റെ ഹെഡ്‌ലൈന്‍. ‘വലിയ പ്രതീക്ഷകളുടെ വരവ്’- പ്രമുഖ ബംഗാളി പത്രം പ്രൊതോം ആലോ തലക്കെട്ടിട്ടു. ഭാരത പ്രധാനമന്ത്രിയെ ഷെയ്‌ക്ക് ഹസീന സ്വീകരിച്ചതിനു പിന്നാലെ ‘ നരേന്ദ്ര മോദി ഇന്‍ ധാക്ക’ എന്നാണ് പ്രോതോം ആലത്തിന്റെ വൈബ്‌സൈറ്റ് എഴുതിയത്.
ബംഗ്ലാദേശുമായുള്ള ആഴമേറിയ ബന്ധം ലക്ഷ്യമിട്ടാണ് മോദിയുടെ വരവെന്ന് ഡെയ്‌ലി ജനകാന്ത പ്രധാന വാര്‍ത്തയില്‍ വിലയിരുത്തി. മോദിക്ക് കരുതിവച്ച 100 വിഭവങ്ങളെക്കുറിച്ചും പത്രം വിശദവാര്‍ത്ത ചെയ്തു. പ്രത്യേക പരിപ്പ് കറി, കിച്ചടി, ധോക്‌ല, ബംഗ്ലാദേശി മധുരപലഹാരങ്ങള്‍ എന്നിവയുടെ പാചകരീതിയും രുചിയുടെ വൈവിധ്യവുമെല്ലാം അതില്‍ ഇടംപിടിച്ചു. ദ ഡെയ്‌ലി ഒബ്‌സര്‍വര്‍, ധാക്ക ട്രിബ്യൂണ്‍, ബംഗ്ലാദേശ് ടുഡേ തുടങ്ങിയ പത്രങ്ങളിലും നരേന്ദ്ര മോദിയുടെ വാര്‍ത്തകളും ചിത്രങ്ങളും നിറഞ്ഞുനിന്നു.
















