ന്യൂയോര്‍ക്ക്: 1998ലെ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് ഫ്രാന്‍സിനും, 2010ലേത് ദക്ഷിണാഫ്രിക്കയ്‌ക്കും അനുവദിച്ചത് കോഴ വാങ്ങിയെന്ന് മൊഴി. ഫിഫ മുന്‍ എക്‌സിക്യൂട്ടീവ് അംഗം ചക് ബ്ലെയ്‌സറാണ് യുഎസ് കോടതിമുന്‍പാകെ മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഫിഫ അധ്യക്ഷ സ്ഥാനത്തുനിന്ന് സെപ് ബ്ലാറ്റര്‍ ഇറങ്ങേണ്ടതിനു കാരണമായ അന്വേഷണങ്ങളിലേക്ക് എഫ്ബിഐയെ എത്തിച്ചതും ബ്ലെയ്‌സറുടെ വെളിപ്പെടുത്തല്‍.
1992ലാണ് 1998 ലോകകപ്പ് ആതിഥേയത്വത്തിനുള്ള നടപടികള്‍ തുടങ്ങിയത്. മോറോക്കോയും ഫ്രാന്‍സിനൊപ്പം മത്സരിച്ചിരുന്നു. എന്നാല്‍, കോഴ വാങ്ങി മോറോക്കോയുടെ നീക്കങ്ങള്‍ അട്ടിമറിക്കുകയായിരുന്നുവെന്നാണ് ബ്ലെയ്‌സര്‍ പറയുന്നത്. ഇതിലുള്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് തുടങ്ങുന്നതിനു മുന്‍പു തന്നെ കോഴ ആരോപണം സജീവമായിരുന്നു. എന്നാല്‍, അന്ന് അതാരും മുഖവിലയ്‌ക്കെടുത്തില്ല.
ആഫ്രിക്കയെ വെട്ടിവീഴ്‌ത്താനുള്ള യൂറോപ്പിന്റെ അടവായാണ് ഇതു വ്യഖ്യാനിച്ചത്. എഫ്ബിഐയുടെ ചോദ്യം ചെയ്യലില്‍ ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ കോഴ ആരോപണം തള്ളിയിരുന്നു. ചക്കിന്റെ വെളിപ്പെടുത്തലോടെ സ്ഥിതി സങ്കീര്‍ണമായി.
ഫിഫ തെരഞ്ഞെടുപ്പില്‍ യുവേഫയില്‍നിന്ന് സെപ് ബ്ലാറ്റര്‍ക്ക് അനുകൂലമായി ഫ്രാന്‍സ് വോട്ട് ചെയ്തുവെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഫിഫ മുന്‍ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിന്റെ നിഴലിലുമാണ്.
















