വുഹാന്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യക്ക് തിരിച്ചടി. ഒരു സ്വര്‍ണ്ണം പോലും നേടാന്‍ കഴിയാതിരുന്ന ഇന്ത്യ ഇന്നലെ രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് സ്വന്തമാക്കിയത്. വനിതകളുടെ 400 മീറ്ററില്‍ എം.ആര്‍. പൂവമ്മ, ഹെപ്റ്റാത്‌ലണില്‍ മലയാളി താരം ലിക്‌സി ജോസഫ് എന്നിവര്‍ വെള്ളി നേടി. പുരുഷന്മാരുടെ 5000 മീറ്ററില്‍ ജി. ലക്ഷ്മണ്‍, വനിതകളുടെ ഹെപ്റ്റാത്‌ലണില്‍ പൂര്‍ണിമ എന്നിവരാണ് വെങ്കലം നേടിയത്.
ഏഷ്യയിലെ വേഗതയേറിയ താരങ്ങളായി പുരുഷവിഭാഗത്തില്‍ ഖത്തറിന്റെ ഫെമി സ്യൂന്‍ ഒഗുനൊഡെയും വനിതാ വിഭാഗത്തില്‍ ജപ്പാന്റെ ഫുകുഷിമ ചിസാറ്റോയും തെരഞ്ഞെടുക്കപ്പെട്ടു. 9.91 സെക്കന്റില്‍ പറന്നെത്തിയ പുതിയ ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് ഫെമി സ്യൂന്‍ ഏഷ്യയിലെ വേഗത്തിന്റെ രാജകുമാരനായത്. 2014-ല്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ താന്‍ തന്നെ സ്ഥാപിച്ച 9.93 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഫെമി ഇന്നലെ തിരുത്തിയത്. 10.15 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ചൈനയുടെ ഷാങ് പീമെങ് വെള്ളിയും 10.19 സെക്കന്റില്‍ ഓടിയെത്തി ഇറാന്റെ റെസ ഗസെമി വെങ്കെലവും നേടി.
വനിതകളില്‍ 11.23 സെക്കന്റില്‍ പറന്നെത്തിയാണ് ജപ്പാന്റെ ഫുകുഷിമ ചിസാറ്റോ വേഗതയുടെ രാജകുമാരിയായത്. 11.34 സെക്കന്റില്‍ കസാക്കിസ്ഥാന്റെ വിക്ടോറിയ സ്യബ്കിന വെള്ളിയും 11.46 സെക്കന്റില്‍ ചൈനയുടെ വീ യോങ്‌ലി വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ ഹെപ്റ്റാത്‌ലണില്‍ സ്വര്‍ണ്ണം കൈവിട്ടെങ്കിലും വെള്ളിയും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. 5554 പോയിന്റ് നേടി മലയാളി താരം ലിക്‌സി ജോസഫ് വെള്ളിയും 5511 പോയിന്റ് നേടി പൂര്‍ണിമ വെങ്കലവും സ്വന്തമാക്കി. 5689 പോയിന്റുമായി ഉസ്ബക്കിസ്ഥാന്റെ ഏകതറീന വൊറോനിനക്കാണ് സ്വര്‍ണ്ണം.
വനിതകളുടെ 400 മീറ്ററില്‍ 53.07 സെക്കന്റില്‍ ഓടിയെത്തിയാണ് എം.ആര്‍. പൂവമ്മ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയത്. 53.07 സെക്കന്റിലാണ് പൂവമ്മ ഫിനിഷ് ലൈന്‍ കടന്നത്. 52.37 സെക്കന്റില്‍ ചൈനയുടെ യാങ് ഹ്യൂഷെന്‍ സ്വര്‍ണ്ണവും 53.41 സെക്കന്റില്‍ കസാക്കിസ്ഥാന്റെ അനസ്താസിയ കുഡിനോവ വെങ്കലവും നേടി. പുരുഷന്മാരുടെ ഈയിനത്തില്‍ ഇന്ത്യന്‍ താരം ആരോഗ്യ രാജീവ് (46.65 സെക്കന്റ്) ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 44.68 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഖത്തറിന്റെ അബ്ദുള്ള ഹാരൂണ്‍ ഹസ്സന്‍ പൊന്നണിഞ്ഞു.
5000 മീറ്ററില്‍ 13 മിനിറ്റ് 36.62 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ലക്ഷ്മണ്‍ വെങ്കലം നേടിയത്. ഖത്തറിന്റെ മൊഹമ്മദ് അല്‍ഗാര്‍നി സ്വര്‍ണ്ണവും ബഹറിന്റെ ആല്‍ബര്‍ട്ട് റോപ് വെള്ളിയും നേടി. മൂന്നുപേരും നിലവിലെ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് മറികടന്നു.
പുരുഷ-വനിതാ 4-100 മീറ്റര്‍ റിലേയിലും ഇന്ത്യക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. സിനി. എസ്, പദ്മിനി എം.ജി, ശ്രബാനി നന്ദ, ദ്യൂതി ചന്ദ് എന്നിവരുള്‍പ്പെട്ട വനിതാ ടീം നാലാം സ്ഥാനത്തും ശങ്കര്‍ ദേബ്‌നാഥ്, ഉമര്‍ റാണെ, അമിയ കുമാര്‍, അബ്ദുള്‍ നജീബ് ഖുറേശി എന്നിവരടങ്ങിയ പുരുഷ ടീം ആറാം സ്ഥാനത്തുമാണ് എത്തിയത്. രണ്ട് വിഭാഗത്തിലും ചൈനക്കാണ് സ്വര്‍ണ്ണം. പുരുഷ ലോങ്ജമ്പിലും ഇന്ത്യക്ക് മെഡലില്ല. കഴിഞ്ഞ പൂനെ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവായ കെ. പ്രേംകുമാര്‍ ഇവിടെ 7.69 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനത്തും മറ്റൊരു ഇന്ത്യന്‍ താരമായ അങ്കിത് ശര്‍മ്മ 7.76 മീറ്റര്‍ ചാടി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 7.96 മീറ്റര്‍ ചാടിയ ചൈനയുടെ ഗവൊ സിങ്‌ലോങിനാണ് സ്വര്‍ണ്ണം. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ പ്രതിനിധി ധില്ലന്‍ കൗര്‍ ആറാം സ്ഥാനത്താണ് എത്തിയത്.
















