ന്യൂദല്‍ഹി: അഞ്ചു വര്‍ഷമെങ്കിലും പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഭരിക്കുന്ന ഇന്ത്യന്‍ ടീമിനെയാണ് ലക്ഷ്യമിടുന്നതെന്ന് ടെസ്റ്റ് ടീം നായകന് വിരാട് കോഹ്ലി. അതിനുള്ള കഴിവും ശേഷിയും ടീമിനുണ്ട്. എല്ലാവരെയും ഒരുമിച്ച് എങ്ങനെ നയിക്കുന്നുവെന്നതാകും ഇതിന്റെ മാനദണ്ഡമെന്നും ക്രിക്ക് ഇന്‍ഫോ ക്രിക്കറ്റ് വെബ്സൈറ്റിന്റെ ഡിജിറ്റല്‍ മാഗസിനു നല്കിയ അഭിമുഖത്തില്‍ വിരാട് പറഞ്ഞു.
തന്റെ സംഘത്തില്‍ മികച്ച രീതിയില്‍ സൗഹൃദം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. വര്‍ഷത്തില്‍ 250 മുതല്‍ 280 ദിവസം വരെ ടീമംഗങ്ങളെല്ലാം ഒരുമിച്ചാണ്. അടുത്ത പത്തു വര്‍ഷത്തേക്ക് ടീമിലെ ഒത്തൊരുമ നിലനിര്‍ത്തുകയാണ് ലക്ഷ്യം. ടീം ഒറ്റക്കെട്ടാണ്. മറ്റുള്ളവര്‍ക്കു വേണ്ടിയാണ് ഓരോരുത്തരും കളിക്കുന്നത്. സ്വന്തം താത്പര്യ സംരക്ഷണത്തിന് ആരും ക്രീസിലിറങ്ങുന്നില്ല. ഇതു തന്നെയാണ് എന്റെയും കാഴ്ചപ്പാട്- വിരാട് വിശദീകരിക്കുന്നു.
ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിന്റെ പരിശീലനകനായി രവി ശാസ്ത്രിയെ നിയോഗിച്ച തീരുമാനത്തെയും നായകന് പിന്തുണച്ചു. ടീമിനാകെ ആത്മവിശ്വാസം പകരാന്‍ ശാസ്ത്രിക്കാകും. ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ആളല്ല ശാസ്ത്രിയെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.
















