വെല്ലിംഗ്ടണ്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനക്ക് അപ്രതീക്ഷിത പരാജയം. ഗ്രൂപ്പ് ബിയില്‍ നടന്ന കളിയില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാനയാണ് ആറ് തവണ ലോകചാമ്പ്യന്മാരായ അര്‍ജന്റീനിയന്‍ യുവനിരയെ കീഴടക്കിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഘാനയുടെ പടയോട്ടം. മറ്റൊരു മത്സരത്തില്‍ ആസ്ട്രിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പനാമയെയും കീഴടക്കി. ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ ഉക്രെയിനും അമേരിക്കയും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഉക്രെയിന്‍ 6-0ന് മ്യാന്‍മറിനെയും അമേരിക്ക 4-0ന് ന്യൂസിലാന്‍ഡിനെയും കീഴടക്കി.
ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനക്കെതിരായ കളിയില്‍ ഘാനക്കായിരുന്നു ആധിപത്യമെങ്കിലും ആദ്യ ഗോള്‍ വീഴുന്നത് കാണാന്‍ 44-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ബെഞ്ചമിന്‍ ടെട്ടെയാണ് ആഫ്രിക്കന്‍ ടീം ഘാനയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 59-ാം മിനിറ്റില്‍ ക്ലിഫോര്‍ഡ് അബോഗ്യെയും 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യൊ യബോയും ലക്ഷ്യം കണ്ടു. അര്‍ജന്റീനക്ക് വേണ്ടി 80-ാം മിനിറ്റില്‍ ജിയോവാനി സിമോണയും 90-ാം മിനിറ്റില്‍ എമിലിയാനോ ബ്യൂന്‍ഡിയും ഗോള്‍ നേടി. പരാജയത്തോടെ അര്‍ജന്റീന പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുള്ള ഘാനയും ആസ്ട്രിയയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
പനാമക്കെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ആസ്ട്രിയ വിജയം സ്വന്തമാക്കിയത്. 38-ാം മിനിറ്റില്‍ ഫിഡല്‍ എസ്‌കോബാറാണ് പനാമക്ക് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ചിന്‍ ഹോര്‍മേഷ്യയുടെ സെല്‍ഫ് ഗോളിലൂടെയാണ് ആസ്ട്രിയ സമനിലപിടിച്ചു. പിന്നീട് 51-ാം മിനിറ്റില്‍ വാലന്റിന്‍ ഗുര്‍ബെക്കിലൂടെ വിജയഗോളും നേടി.
ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ റൂബിയോ റൂബിന്റെ ഇരട്ടഗോളുകളുടെ കരുത്തിലാണ് അമേരിക്ക ന്യൂസിലാന്‍ഡിനെ തകര്‍ത്തുവിട്ടത്. അമേരിക്കയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. റൂബിന് പുറമെ ഹെമേഴ്‌സണ്‍ ഹിന്‍ഡ്മാനും പോള്‍ അരിയോളയും അമേരിക്കക്കായി ലക്ഷ്യം കണ്ടു. മ്യാന്‍മറിനെ 6-0ന് തകര്‍ത്താണ് ഉക്രെയിന്‍ ആദ്യ വിജയം സ്വന്തമാക്കിയത്. ഉക്രെയിനായി വിക്ടര്‍ കൊവലെന്‍കോ 57, 77 മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ നേടി. റോമന്‍ യാരെംചുക്ക്, വെലേരി ലുച്ച്‌കെവിച്ച്, എഡ്വേര്‍ഡ് സൊബോള്‍, ആര്‍ട്ടെം ബെസിഡിന്‍ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
















