ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ മഹനീയ നേട്ടങ്ങളുടെ വിഹായസിലെത്തിക്കുക എന്നലക്ഷ്യമിട്ട് ഇതിഹാസ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ് എന്നിവരെ പുതുതായി രൂപീകരിച്ച ബിസിസിഐ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി. ക്രിക്കറ്റ് ബോര്‍ഡിനെയും ടീം ഇന്ത്യയെയും ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ പാകപ്പെടുത്തുന്ന വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് മൂവരുടെയും പ്രധാന ദൗത്യം.
ബോര്‍ഡും ടീമും തമ്മിലെ ഏകോപനവും സച്ചിന്റെയും ദാദയുടെയും വിവിഎസിന്റെയും ചുമതലകളില്‍പ്പെടുന്നു. ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെ നിശ്ചയിക്കുന്ന കാര്യത്തിലും ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ടാവും. ഉപദേശക സമിതിയിലേക്കുള്ള ക്ഷണം സച്ചിനും സൗരവും ലക്ഷ്മണും സ്വീകരിച്ചെന്ന് ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ഗാംഗുലിയെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനോ ഡയറക്ടറോ ആക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമം.
കളിക്കാര്‍ക്കെല്ലാം സച്ചിന്റെയും ഗാംഗുലിയുടെയും ലക്ഷ്മണിന്റെയും അരുകില്‍ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ തേടിച്ചെല്ലാം. കടുപ്പമേറിയ വിദേശപര്യടനങ്ങള്‍ക്ക് മുന്‍പ് ബാറ്റ്സ്മാന്മാര് സച്ചിനോട് പ്രത്യേകം പ്രത്യേകം സംസാരിക്കണം. വിദേശ മണ്ണില്‍ ഇന്ത്യന്‍ ടീമിന്റെ ജയം സാധ്യമാക്കുന്ന രൂപരേഖ തയ്യാറാക്കേണ്ടത് ഗാംഗുലിയായിരിക്കും. പുതിയ പ്രതിഭകളെ പരിപോഷിപ്പിക്കുക ലക്ഷ്മണിന്റെ ഉത്തരവാദിത്തവും.
വിദേശ പര്യടനങ്ങളില്‍ ടീമിന്റെ പ്രകടനപരത ഉയര്‍ത്തുന്നതില്‍ അടിയന്തര ശ്രദ്ധപുലര്‍ത്തണം. ആഭ്യന്തര ക്രിക്കറ്റിനെ ശക്തിപ്പെടുത്തിയും നേരായ പാതയിലൂടെ നയിച്ചും അന്താരാഷ്ട്രതലത്തിലെ മത്സരാധിക്യത്തെ നേരിടാന്‍ യുവപ്രതിഭകളെ പ്രാപ്തരാക്കേണ്ടതുണ്ട്, തീരുമാനം അറിയിച്ചു പുറത്തുവിട്ട പത്രക്കുറിപ്പില്‍ ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.
ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും അപ്രമാദിത്വം വീണ്ടെടുക്കാന്‍ സച്ചിന്റെയും സൗരവിന്റെയും ലക്ഷ്മണിന്റെയും അമൂല്യമായ നിര്‍ദേശങ്ങള്‍ ഇന്ത്യയെ സഹായിക്കുമെന്നതില്‍ സംശയമില്ല. മൂന്നാളുടെയും പങ്കാളിത്തം ഇന്ത്യന്‍ ക്രിക്കറ്റിന് നല്ല ശകുനമാണെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
















