ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടം കിട്ടാക്കനി. എഫ്എ കപ്പെങ്കിലും നിലനിര്‍ത്തിയില്ലെങ്കില്‍ യൂറോപ്പിലെ കളിയാശാന്മാരില്‍ മുമ്പനായ ആഴ്‌സന്‍ വെങ്ങറുടെ നില പരുങ്ങലിലായേനെ. അത് അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് നന്നായറിയാമായിരുന്നു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ നിലംപരിശാക്കി ആഴ്‌സനല്‍ എഫ്എ കപ്പ് കാത്തപ്പോള്‍ വെങ്ങറുടെ മുഖം തെളിഞ്ഞു.
വെംബ്ലിയിലെ ഏകപക്ഷീയ ഫൈനലില്‍ തിയോ വാല്‍ക്കോട്ടും (40-ാം മിനിറ്റ്) അലെക്‌സി സാഞ്ചസും (50), പെര്‍ മെര്‍ട്ടെസാക്കറും (62) ഒളിവര്‍ ജിറോഡും (90+) ആസ്റ്റണ്‍ വില്ലയുടെ നെഞ്ചകം പിളര്‍ത്തി. 12-ാം തവണയാണ് ഗണ്ണേഴ്‌സ് എഫ്എ കപ്പില്‍ മുത്തമിടുന്നത്. ഇതൊരു റെക്കോര്‍ഡാണ്. ആറുവട്ടവും വെങ്ങര്‍ക്ക് കീഴിലാണ് പീരങ്കിപ്പടയുടെ കിരീടനേട്ടമെന്നതും മറ്റൊരു പ്രത്യേകത.
എന്നാല്‍ ഒന്നാം പകുതിയ വസാനിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം ശേഷിക്കെ ആഴ്‌സനല്‍ കെട്ടുപൊട്ടിച്ചു. സാഞ്ചസിന്റെ ഹെഡ്ഡര്‍ ബോക്‌സിനുള്ളില്‍ ഇലപൊഴിയുംപോലെ വന്നു; വാല്‍ക്കോട്ടിന്റെ വോളി ചാട്ടുളികണക്കെ വലയിലേക്കും (1-0). രണ്ടാം പകുതിയിലും ആഴ്‌സനല്‍ ഊര്‍ജ്ജസ്വലത സൂക്ഷിച്ചപ്പോള്‍ വില്ലയുടെ നില ഏറെ കഷ്ടത്തിലായി. അധികം വൈകാതെ സാഞ്ചസിന്റെ ലോങ് റേഞ്ചും ഉന്നംകാത്തു (2-0).
പിന്നെ വില്ലയ്‌ക്കു തിരിച്ചുവരവുണ്ടായില്ല. എതിര്‍ ഡിഫന്റര്‍മാരുടെ ശ്രദ്ധതെറ്റിച്ച് സാന്റി കാസറോളയുടെ കോര്‍ണറില്‍ തലവെച്ച മെര്‍ട്ടെസാക്കര്‍ ആഴ്‌സനലിന്റെ ഗോള്‍ബലം ഒന്നുകൂടി വര്‍ധിപ്പിച്ചു (3-0). ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഒളിവര്‍ ജിറോഡും മൂര്‍ച്ചകാട്ടിയതോടെ അവര്‍ക്ക് അര്‍ഹിച്ച മാര്‍ജിനിലെ ജയം (4-0).
















